മുംബൈ: ഇനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയല്ല. കൊറോണ വൈറസ് ബാധയെ തുടർന്ന് ഓഹരി വിപണി ഇടിഞ്ഞതോടെ മുകേഷ് അംബാനിയുടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി നഷ്ടമായി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ തകര്‍ന്നതിലൂടെ മുകേഷ് അംബാനിയ്ക്ക് തിങ്കളാഴ്ച്ച മാത്രം 580 കോടി ഡോളറാണ് നഷ്ടപ്പെട്ടത്. ഇതോടെ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ അംബാനി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ ആലിബാബ സ്ഥാപകൻ ജാക്ക് മായാണ് ഇപ്പോൾ ഒന്നാമത്. 4,450 കോടി ഡോളറാണ് മായുടെ ആസ്തി. മുകേഷ് അംബാനിയേക്കാൾ 260 കോടി ഡോളര്‍ കൂടുതലാണിത്. എണ്ണ വില 29 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത് ഓഹരിവിപണിയെ ഉലച്ചിരുന്നു. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 12 ശതമാനം ഇടിഞ്ഞതാണ് അംബാനിയ്ക്ക് തിരിച്ചടിയായത്.

