Monday, June 17, 2024
spot_img

കോഴിക്കോട് നീലേശ്വരം സ്കൂളില്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം; അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളില്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്. അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്നും പരീക്ഷാ ദിവസം സ്കൂളില്‍ ഉണ്ടായിരുന്ന മറ്റ് അധ്യാപകരില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന് മൊഴിയെടുക്കും.

പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകന്‍ അടക്കം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് പേര്‍ക്കെതിരെയും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹയര്‍സെക്കന്‍ററി വകുപ്പ് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുക്കം പൊലീസ് സ്റ്റേഷനില്‍ ഇന്ന് പരാതി നല്‍കിയിരുന്നു. റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണയാണ് മുക്കം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്.

അധ്യാപകര്‍ നേരത്തെയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി സംശയമുണ്ട്. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയശതമാനം കൂട്ടാനാണ് നീലേശ്വരം സ്കൂളിലെ പ്രിന്‍സിപ്പാളും അധ്യാപകനും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ സംശയം. ഉത്തരക്കടലാസുകള്‍ തിരുത്താനായി പ്രിന്‍സിപ്പാള്‍ കെ റസിയയും അധ്യാപകന്‍ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞാല്‍ ഉച്ചയോടെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് മൂല്യനിര്‍ണ്ണയത്തിനായി അയക്കണം. ഗ്രാമീണ മേഖലയിലെ സ്കൂളുകള്‍ക്ക് അടുത്ത ദിവസം രാവിലെ വരെ സമയം നല്‍കാറുണ്ട്. മാര്‍ച്ച്‌ 21 ന് രാവിലെയാണ് പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വണ്ണിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയും നടന്നത്. തൊട്ടടുത്ത ദിവസം പരീക്ഷകള്‍ ഒന്നുമില്ലായിരുന്നു. ഈ അവസരം മുതലെടുത്ത് അധ്യാപകനായ നിഷാദ് വി മുഹമ്മദ് നാല് ഉത്തരക്കടലാസുകള്‍ മാറ്റി എഴുതുകയും 32 എണ്ണത്തില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു.

പരീക്ഷകേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന പ്രിന്‍സിപ്പാളും സഹചുമതലയുള്ള അധ്യാപകനും ഇതിന് കൂട്ടുനിന്നതായി വകുപ്പ് തല അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു. മുക്കം എഇഒ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles