കൊച്ചി: വഖഫ് അധിനിവേശത്തിൽ കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ സമരം 172 ദിവസം പിന്നിടുന്നു. പ്രത്യാശയുടെ കിരണമായി ഇന്ന് ലോക്‌സഭയിൽ വഖഫ് നിയമഭേദഗതി ബിൽ അവതരിപ്പിക്കുകയാണ്. മുനമ്പം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടിയെടുക്കുന്ന കേന്ദ്ര സർക്കാരിനെ മുനമ്പം സമരസമിതി അഭിനന്ദിച്ചു. എന്നാൽ തങ്ങളെ അവഗണിച്ച് ബില്ലിനെതിരെ വോട്ട് ചെയ്യാൻ തീരുമാനമെടുത്ത കേരളത്തിൽ നിന്നുള്ള എം പിമാരെ സമരസമരസമിതി വിമർശിച്ചു.
സി ബി സി ഐ, കെ സി ബി സി, സീറോ മലബാർ സഭ എന്നിവ അടക്കമുള്ള ക്രിസ്തീയ സംഘടനകളും മറ്റ് സമുദായ സംഘടനകളും ആവശ്യപ്പെട്ടിട്ടും മുനമ്പം ജനതയ്‌ക്കൊപ്പം നിൽക്കാത്ത ഇടത് വലത് മുന്നണികൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കോൺഗ്രസ് എം പി ഹൈബി ഈഡന്റെ വസതിയിലേക്ക് ഇന്ന് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് 12 മണിക്കാണ് ലോക്‌സഭയിൽ വഖഫ് ബിൽ അവതരിപ്പിക്കുക. എട്ടു മണിക്കൂർ നീളുന്ന ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്തീയ സംഘടനകളുടെ ആവശ്യം അവഗണിച്ച് ഇൻഡി മുന്നണി എം പിമാർ ബില്ലിനെ ശക്തമായി എതിർക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ബില്ലിനെ എതിർക്കാൻ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് എം പിമാരോട് ആവശ്യപ്പെട്ടിരുന്നു. 293 അംഗങ്ങളുടെ പിന്തുണയുള്ള സർക്കാരിന് ബിൽ ലോക്‌സഭയിൽ പാസാക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. ബിൽ വൈകാതെ രാജ്യസഭയും പരിഗണിച്ചേക്കും.

