മൂന്നാർ: മൂന്നാറിൽ താപനില മൈനസ് രണ്ടിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഉപാസി, നല്ലതണ്ണി, സൈലൻറ്വാലി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പൂജ്യം ഡിഗ്രിയും ലക്ഷ്മി എസ്റ്റേറ്റില്‍ മൈനസ് ഒന്നുമാണ് രേഖപ്പെടുത്തിയത്.
സാധാരണയായി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കുറഞ്ഞ താപനില പൂജ്യത്തില്‍ താഴെ എത്തുന്നത് തന്നെ. ഇക്കുറി ഈ മാസം അവസാനമാണ് അതിശൈത്യം തുടങ്ങിയത്. തോട്ടം മേഖലയിലും മറ്റും അതിശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. താപനില പൂജ്യത്തിലും താഴ്ന്നതോടെ മഞ്ഞുവീഴ്ചയും രൂക്ഷമായി. മൂന്നാർ ടൗണിലും മറ്റും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിൽ മഞ്ഞു പുതഞ്ഞു കിടന്നു.

