കോട്ടയം: ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരന്തം വിതച്ച പുത്തുമലയിലയും കവളപ്പാറയിലെയും രക്ഷാപ്രവർത്തനത്തിന്റെ സാങ്കേതികതകൾ വിവരിച്ച് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. മണ്ണടിച്ചിലും ഉരുൾ പൊട്ടലും നടന്ന സ്ഥലം അസ്ഥിരമായതിനാൽ ഏറെ വാഹനങ്ങളും, പ്രത്യേകിച്ച് ജെ സി ബിയും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുമെന്നും ആളുകൾ മണ്ണിൽ പുതഞ്ഞു ജീവനോടെ കിടക്കുന്നുണ്ടോയെന്നു കണ്ടുപിടിക്കലാണ് ഏറ്റവും ആദ്യമായി ചെയ്യേണ്ടതെന്നും മുരളി ഫേസ്ബുക്കിലിട്ട കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മണ്ണിടിച്ചിൽ രക്ഷാ പ്രവർത്തനം നടക്കുന്നിടത്തേക്ക് വി ഐ പികൾ വരുന്ന സാഹചര്യമുണ്ടാകരുത്. ഒരു വർഷം മണ്ണിടിഞ്ഞ് അസ്ഥിരമായ സ്ഥലത്ത് അടുത്ത വർഷവും മണ്ണിടിയാനുള്ള സാധ്യതയുണ്ട്, പലപ്പോഴും കൂടുതലുമാണ്. കഴിഞ്ഞ വർഷത്തെ പെരുമഴ ഈ വർഷം മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടലിന്റെയും സാധ്യത വളരെ വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ചെറിയ മഴയിൽ പോലും ഇനിയും വലിയ മണ്ണിടിച്ചിലുണ്ടാകാം, വരും വർഷങ്ങളിൽ ഇതു തുടരും. മുൻകരുതലുകൾ എടുക്കുകയെന്നതു പ്രധാനമാണെന്നും മുരളി തുമ്മാരുകുടി പറയുന്നു.

