Thursday, December 18, 2025

പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യാതിഥിയായി കൊലക്കേസ് പ്രതി; ഫസല്‍ വധക്കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയത് ഇടത് അധ്യാപക സംഘടന ; അമര്‍ഷവുമായി അധ്യാപകര്‍

കൊച്ചി: തലശേരി ഫസല്‍ വധക്കേസ് പ്രതിയായ സി.പി.എം നേതാവ് കാരായി ചന്ദ്രശേഖരന്‍ എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി വകുപ്പ് അധ്യാപകന്‍ ഡോ പിടി പാര്‍ത്ഥസാരഥി രചിച്ച ചരിത്ര പുസ്തക പ്രകാശന ചടങ്ങിലാണ് കാരായി ചന്ദ്രശേഖരന്‍ അതിഥിയായി പങ്കെടുത്തത്. കോളജിലെ മലയാളം വിഭാഗം ഹാളിലായിരുന്നു ചടങ്ങ്.

കൊലക്കേസ് പ്രതിയെ പുസ്തക പ്രകാശന ചടങ്ങില്‍ ക്ഷണിച്ചതില്‍ അമര്‍ഷവുമായി ഇടത് അനുഭാവികളായ അധ്യാപകര്‍ രംഗത്തെത്തി.എം.സ്വരാജ് എം.എല്‍.എ പുസ്തക പ്രകാശനം നിര്‍വഹിച്ച ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയും അതിഥിയായി പങ്കെടുത്തു.

സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കാരായി ചന്ദ്രശേഖരനെയും, നിരവധി ആരോപണങ്ങള്‍ നേരിടുന്ന ബിനീഷിനെയും ചടങ്ങില്‍ അതിഥികളായി ക്ഷണിച്ചതിനെതിരെ അധ്യാപകരില്‍ പലര്‍ക്കും അമര്‍ഷം ഉണ്ട്. കാരായി ചന്ദ്രശേഖരനും ബിനീഷ് കോടിയേരിക്കും വിഷയവുമായി എന്ത് ബന്ധമെന്നാണ് അമര്‍ഷമുള്ള അധ്യാപകരുടെ ചോദ്യം.

അതേസമയം കോളജ് സംഘടിപ്പിച്ച ചടങ്ങായിരുന്നെങ്കിലും താന്‍ പ്രിന്‍സിപ്പലായി വരുന്നതിനു മുന്‍പാണ് അതിഥികളെ ക്ഷണിച്ചതെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നുമാണ് പുതിയ പ്രിന്‍സിപ്പല്‍ ഡോ.കെ. ജയകുമാറിന്‍റെ പ്രതികരണം. മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മാഗസിന്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ പുസ്തക പ്രകാശന ചടങ്ങില്‍ താന്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന തലശേരി സ്വദേശി ഫസല്‍ 2006 ഒക്ടോബര്‍ 22നാണു കൊല്ലപ്പെട്ടത്. കൊടി സുനി ഒന്നാം പ്രതിയായ കേസില്‍ പൊലീസ് അന്വേഷണത്തിലും സിബിഐ അന്വേഷണത്തിലും ഗൂഢാലോചന കുറ്റമാണ് കാരായി ചന്ദ്രശേഖരനും കാരായി രാജനുമെതിരെ ചുമത്തിയിരിക്കുന്നത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇരുവരും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സുപ്രീം കോടതി വരെ പോയെങ്കിലും ഇളവനുദിക്കാത്തതിനെ തുടര്‍ന്ന് 4 വര്‍ഷമായി എറണാകുളമാണ് ഇരുവരുടേയും താമസം. തലശേരി മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ കൂടിയാണ് ചന്ദ്രശേഖരന്‍.

Related Articles

Latest Articles