Saturday, December 27, 2025

മകനെ കൊലപ്പെടുത്തിയെന്ന കേസ്; പിതാവിനെ കോടതി വെറുതെ വിട്ടു

തിരുവല്ല: മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച്‌ പിതാവിനെതിരെ കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിതാവ് കുറ്റക്കാരന്‍ അല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പുറമറ്റം വില്ലേജില്‍, വാലാങ്കര മുള്ളന്‍കുഴിക്കല്‍ വീട്ടില്‍ ബിജി മാത്യുവിനെ (34) കോടാലിയുടെ മാടു കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തി എന്നാരോപിച്ചാണ് പിതാവ് ജോണ്‍ മാത്യുവിനെ പ്രതിയാക്കി പോലീസ് കേസ് എടുത്തത്.

നാല് വര്‍ഷം നീണ്ടുനിന്ന വിചാരണക്ക് ശേഷം പത്തനംതിട്ട അഡീണല്‍ സെഷന്‍സ് കോടതിയാണ് പിതാവിനെ വെറുതെ വിട്ടത്. 2015 ജനുവരി പതിനാലിനാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച്‌ വന്ന ബിജി മാതാപിതാക്കളോട് വഴക്കിടുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ബിജിയുടെ പിതാവ് വീട്ടിലുണ്ടായിരുന്ന കൈക്കോടാലി എടുത്ത് ബിജിയുടെ തലയിലും മുഖത്തും അടിച്ച്‌ കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

വീട്ടുകാരും അയല്‍വാസികളും ഡോക്ടേഴ്‌സും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 28 ഓളം സാക്ഷികള്‍ ഉണ്ടായിരുന്ന കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകനായ അഭിലാഷ് ചന്ദ്രന്‍ തിരുവല്ല കോടതിയില്‍ ഹാജരായി.

Related Articles

Latest Articles