Monday, January 12, 2026

തിരുവനന്തപുരത്ത് അയല്‍വാസിയെ കല്ല് കൊണ്ട് തലക്കടിച്ച്‌ കൊന്നു; ദമ്പതികൾ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വഴി തര്‍ക്കത്തിനിടെ അയല്‍വാസിയെ കല്ല് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതികൾ പിടിയില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സ്വദേശികളായ ബാബു (55) വിനെയും ഭാര്യ റെയ്ച്ചല്‍ (54) നെയും ആര്യനാട് പനയ്ക്കോട് ബന്ധുവീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. നെടുമങ്ങാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

നെടുമങ്ങാട് താന്നിമൂട്ടില്‍ അയല്‍വാസികളായ സജിയും ബാബുവും തമ്മില്‍ ഒരു വര്‍ഷക്കാലമായി നിലനില്‍ക്കുന്ന വഴി തര്‍ക്കമാണ് ഇന്ന് സജിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. ബാബുവിന്‍റെ പുരയിടത്തിനോട് ചേര്‍ന്നുള്ള ചെറിയ വഴിയിലൂടെ ബൈക്ക് കൊണ്ടുപോകുന്നതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ജനപ്രതിനികള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പില്‍ എത്തിച്ചിരുന്നു.

എന്നാല്‍, സജി ഇതുവഴി വീണ്ടും ബൈക്ക് കയറ്റിയതാണ് ബാബുവിനെ പ്രകോപിപ്പിച്ചത്. പിന്നാലെ ബാബുവിന്‍റെ ഭാര്യ സജിയെ കമ്പ് കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ബാബു കല്ല് കൊണ്ട് സജിയുടെ തലക്കടിച്ചു. ബോധം പോയ സജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Latest Articles