എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ അപമാനിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി സംഗീത സംവിധായകൻ രമേഷ് നാരായണ്‍. താൻ ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു .
കൊച്ചിയിൽ നടന്ന ചടങ്ങിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം കൊഴുത്തത്. സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലി പുരസ്കാരം നല്‍കിയപ്പോള്‍ അദ്ദേഹത്തെ ഒന്നു നോക്കുകയോ ഹസ്താദാനം ചെയ്യുകയോ ചെയ്യാതെ പുരസ്കാരം സ്വീകരിച്ച രമേഷ് നാരായണ്‍ താന്‍ സംഗീതം നല്‍കിയ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്കാരം വാങ്ങിയെന്നാണ് ആരോപണം. സംഭവം വിവാദമായതോടെയാണ് ഇതോടെയാണ് രമേഷ് നാരായണ്‍ തന്നെ രംഗത്ത് എത്തിയത്.
“ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയത് ഞാനാണ്. ട്രെയ്‌ലര്‍ ലോഞ്ചിന് വേദിയിലേക്കു ക്ഷണിക്കാതിരുന്നത് ചെറിയ വേദനയുണ്ടാക്കി. അതിനുശേഷം. തിരുവനന്തപുരത്തേക്ക് പോരേണ്ടതിനാല്‍ യാത്ര പറയുകയും വേദിയിലേക്കു ക്ഷണിക്കാത്തതിലെ വിഷമം അശ്വതിയെ അറിയിക്കുകയും ചെയ്തു.
ആസിഫ് അലിയെ ഞാന്‍ അപമാനിച്ചിട്ടില്ല. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആസിഫ് അലിയാണ് തരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അനൗൺസ്‌മെന്റ് ഞാന്‍ കേട്ടില്ല. ജയരാജാണ് എന്നെ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത്. പക്ഷേ വേദിയില്‍ എല്ലാ സംവിധായകരെയും ക്ഷണിച്ചപ്പോള്‍ എന്നെയും വിളിച്ചില്ല. അതൊരു വിഷമമുണ്ടാക്കി.
ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് എനിക്കറിയില്ല. എനിക്ക് വലിപ്പച്ചെറുപ്പമില്ല. ഞാന്‍ വേദിയിലായിരുന്നില്ല നിന്നത്. വേദിയിലാണെങ്കില്‍ എനിക്ക് ഒരാള്‍ വരുന്നത് മനസ്സിലാകുമായിരുന്നു. ഞാന്‍ നിന്നത് താഴെയായിരുന്നു. അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ ഇപ്പോഴും ചെറിയ ആളാണ്. ഞാന്‍ ഒന്നുമല്ല. എന്റെ പേരില്‍ തെറ്റിദ്ധാരണ വന്നതില്‍ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഞാന്‍ ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റുപറ്റിയെങ്കില്‍ മാപ്പ് ചോദിക്കും. എനിക്ക് മാപ്പ് ചോദിക്കാന്‍ യാതൊരു മടിയുമില്ല. വസ്തുത ഇതായിരിക്കെ കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ട്. ഒരു മനുഷ്യനെ അപമാനിക്കാന്‍ എനിക്ക് പറ്റില്ല.
എം.ടി വാസുദേവന്‍ സാറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുക എന്നത് വലിയ അംഗീകരമാണ്. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണദ്ദേഹം. അതുകൊണ്ടാണ് ഞാന്‍ പോയത്. ഞാനൊരു മൊമന്റോ പ്രതീക്ഷിച്ചല്ല പോയത്.” – രമേഷ് നാരായണ്‍ പറഞ്ഞു.

