ദില്ലി: സിപിഎം പാർട്ടി കോൺഗ്രസിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം. മാത്രമല്ല സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പുനപ്പരിശോധനയില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
ഇനി പ്രത്യേകിച്ച് നിർദ്ദേശം നൽകില്ലെന്നും ഇക്കാര്യത്തില്‍ കെപിസിസിയുടെ നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാവ് കെവി തോമസിനോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് രാവിലെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയോട് അനുമതി തേടിയിട്ടുണ്ടെന്ന് തോമസും വെളിപ്പെടുത്തി. മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതിൽ കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്ന് ജയരാജനും അറിയിച്ചിരുന്നു.

