Tuesday, September 29, 2026

മുത്തലാഖ് നിരോധന ബിൽ ഇന്ന് രാജ്യസഭയില്‍ ; യോഗത്തിന് ശേഷം പ്രതിപക്ഷം നിലപാട് വ്യക്തമാക്കും

ദില്ലി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കഴിഞ്ഞ ആഴ്ച ലോക്സഭയില്‍ ബില്‍ പാസാക്കിയിരുന്നു. 303 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്തിരുന്നു.രാജ്യസഭയിൽ മുമ്പ് രണ്ട് തവണ ബിൽ പാസാക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു.

എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ് ബില്ലിനെ എതിർക്കുകയാണ്. എന്നാൽ ബിജു ജനതാദൾ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക.

മുത്തലാഖ് ബില്‍ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് രവിശങ്കര്‍ പ്രസാദ് ലോകസഭയില്‍ പറഞ്ഞിരുന്നു. മാത്രമല്ല 2017 മുതല്‍ മുത്തലാഖുമായി ബന്ധപ്പെട്ട് 547 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ്സും മുസ്ലീംലീഗും എതിര്‍ത്ത നടപടികളെ കടുത്തഭാഷയില്‍ മുക്താര്‍ അബ്ബാസ് നഖ്വി വിമര്‍ശിച്ചിരുന്നു. മുത്തലാഖ് ഇസ്ലാംമതപ്രകാരംതന്നെ കുറ്റകരമായതിനാലാണ് മുസ്ലീം രാജ്യങ്ങളില്‍പോലും അത് നിരോധിച്ചതെന്ന് നഖ്വി ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles