Thursday, June 13, 2024
spot_img

ചൈനയിൽ പിടി മുറുക്കി നിഗൂഢമായ ന്യുമോണിയ രോ​ഗം ; സംസ്ഥാന സർക്കാരുകൾക്ക് മുൻകരുതൽ നിർദേശം നൽകി കേന്ദ്രസർക്കാർ

ദില്ലി : ചൈനയില്‍ അജ്ഞാത ന്യുമോണിയ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുൻ കരുതലുകൽ സ്വീകരിക്കാൻ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ . നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതലായി ആശുപത്രികളില്‍ മതിയായ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മുന്‍കരുതലെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ഹെല്‍ത്ത് സെക്രട്ടറി കത്തയച്ചു. ആശുപത്രികളില്‍ കിടക്ക, മരുന്നുകള്‍, വാക്‌സിനുകള്‍, ഓക്‌സിജന്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കത്തിൽ നിർദേശമുണ്ട്. ഇതോടൊപ്പം രോഗലക്ഷണം കാണിക്കുന്നവരുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം ശേഖരിച്ച് പരിശോധനാനടപടികള്‍ വേഗത്തിലാക്കാനും നിര്‍ദേശമുണ്ട്. ഇതിനായി സംസ്ഥാനങ്ങളിലെ വൈറസ് റിസര്‍ച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറീസ് സൗകര്യം ഉപയോഗപ്പെടുത്തണം. ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

അതെസമയം കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളെ ഓർമപ്പെടുത്തും വിധം ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. ബീജിങിലും പ്രാന്ത പ്രദേശങ്ങളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ്, കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 2019 ഡിസംബറിൽ കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണ്.

Related Articles

Latest Articles