നാദാപുരം: പെണ്ണുകാണാൻ വന്ന ചെക്കന്റെ വീട്ടുകാർ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. മണിക്കൂറുകൾ നീണ്ട അഭിമുഖത്തെ തുടർന്ന് പെൺകുട്ടി അവശനിലയിലായി. മാനസികമായി തളർന്ന് അവശയായ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ചെറുക്കൻ വീട്ടുകാർ പെണ്ണിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് കാട്ടി പെൺവീട്ടുകാർ കൂടി രംഗത്തെത്തിയതോടെ കാര്യങ്ങൾ പുറംലോകമറിഞ്ഞത്.
കോഴിക്കോട് നാദാപരുത്തിനടുത്ത് വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് കഴിഞ്ഞ ദിവസമാണ് പെണ്ണുകാണാൻ വന്നവർ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതിയുയർന്നത്. രണ്ടുദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തി. സ്ത്രീകള്‍ ഒന്നിച്ച് മുറിയില്‍ കയറി യുവതിയുമായി സംസാരിച്ചു. ബിരുദവിദ്യാര്‍ഥിയായ യുവതിയെ മുറിയുടെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ‘ഇന്റര്‍വ്യൂവിന്’ വിധേയയാക്കിയത്.
പാതി അശ്ളീലമായ ചോദ്യങ്ങളാണ് ഇവർ ഏറെയും ചോദിച്ചത് എന്നാണ് ലഭിക്കുന്ന വിവരം . ഇതിനിടെ ചെറുക്കൻ്റെ വീട്ടുകാർ പെൺകുട്ടിയുടെ വീട്ടിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചിരുന്നു. എല്ലാം കഴിഞ്ഞ ശേഷം കല്യാണച്ചെക്കൻ്റെ അടുത്ത ബന്ധുക്കൾ ഒന്നുകൂടി ആലോചിക്കണമെന്ന് പെണ്ണു വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ പെണ്ണുവീട്ടുകാർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. പെണ്ണുകാണല്‍ ചടങ്ങിന്റെ പേരില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പ്രവാസിയായ പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.

