Monday, April 29, 2024
spot_img

തമിഴ്‌നാട്ടിലെ പതിനേഴുകാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മതപരിവർത്തനം; ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മിഷനറി സ്‌കൂൾ അധികൃതർ നിരന്തരം പീഡിപ്പിച്ചതായി സൂചന; ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ പതിനേഴുകാരിയുടെ ആത്മഹത്യക്ക് പിന്നിൽ മതപരിവർത്തനമെന്ന് (Religious Conversion In Tamil Nadu) സൂചന. ക്രിസ്തുമതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടുള്ള ക്രിസ്ത്യൻ മിഷനറി സ്‌കൂൾ അധികൃതരുടെ പീഡനം താങ്ങാനാകാതെയാണ് 12ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ വാർഡനായ റേച്ചൽ മേരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തഞ്ചാവൂരിലെ തിരുക്കാട്ടുപാളി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ എം ലാവണ്യയാണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തത്. ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. ഹോസ്റ്റലിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. പൊങ്കലിന് എല്ലാവരും വീട്ടിൽ പോയപ്പോഴും ലാവണ്യയെ വീട്ടിൽ വിടാൻ സ്‌കൂൾ അധികൃതർ തയ്യാറായിരുന്നില്ല. ഹോസ്റ്റലിലെ വാർഡൻ അവിടുത്തെ ജോലികൾ ലാവണ്യയെ കൊണ്ട് നിർബന്ധപൂർവ്വം ചെയ്യിച്ചിരുന്നതായി എഫ്‌ഐആറിൽ പറയുന്നു.

മതം മാറണമെന്ന് ആവശ്യപ്പെട്ടുള്ള പീഡനം പെൺകുട്ടി നേരിട്ടുവെന്ന മൊഴിയാണ് മാതാപിതാക്കളും പോലീസിന് നൽകിയിരിക്കുന്നത്. ലാവണ്യയുടേതായി പുറത്ത് വന്ന വീഡിയോയും പരിശോധിക്കുമെന്ന് തഞ്ചാവൂർ പോലീസ് സൂപ്രണ്ട് റാവലി പ്രിയ ഗന്ധപുനേനി വ്യക്തമാക്കി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്‌കൂളിൽ തുടർപഠനം നടത്തണമെങ്കിൽ ക്രിസ്തുമതം സ്വീകരിക്കണമെന്ന് സ്‌കൂൾ അധികൃതർ നിർദ്ദേശിച്ചിരുന്നു. സ്‌കൂൾ അധികൃതർ ഏറെ നാളായി കുട്ടിയോട് മതം മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മതം മാറാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാവണ്യ.

ഇതിന്റെ പേരിൽ പല രീതിയിലും സ്‌കൂൾ അധികൃതർ പീഡിപ്പിച്ചിരുന്നതായി ലാവണ്യ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികൾ ചെയ്യിച്ചുവെന്നാണ് വിവരം. ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ പെൺകുട്ടി സ്‌കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി മരിക്കുന്നത്. ക്രിസ്തുമതത്തിലേക്ക് മാറിയാൽ തുടർപഠനത്തിനും സഹായിക്കാമെന്ന് സ്‌കൂളുകാർ വാഗ്ദാനം ചെയ്തതായി ലാവണ്യ പറയുന്നു. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലും ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തലിൽ വ്യക്തമായിരിക്കുന്നത്.

Related Articles

Latest Articles