ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയെ സ്ഥാനഭ്രഷ്ടനാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നീക്കം തുടങ്ങി. ദുബായിൽ നടന്ന ഏഷ്യാ കപ്പ് കിരീട നേട്ടത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ നഖ്‌വി കായിക മര്യാദകളും ഔദ്യോഗിക നടപടിക്രമങ്ങളും ലംഘിച്ചു, കൂടാതെ അയാളുടെ പെരുമാറ്റത്തിൽ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നീക്കം.
ഏഷ്യാ കപ്പ് ടൂർണമെൻ്റിൻ്റെ കിരീടം ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രോട്ടോക്കോളുകൾ ലംഘിച്ചെന്നും, ഒരു എസിസി. പ്രസിഡന്റിൽ നിന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന ഉത്തരവാദിത്തങ്ങൾ നഖ്‌വി പാലിച്ചില്ലെന്നും ഇന്ത്യ തുറന്നടിച്ചു
വിവാദങ്ങളുടെ കേന്ദ്രബിന്ദു ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങാണ്. ടൂർണമെൻ്റിൽ ഇന്ത്യ വിജയികളായതിനെ തുടർന്ന് കിരീടവും മെഡലുകളും സമ്മാനിക്കേണ്ട വേദിയിൽ, മൊഹ്‌സിൻ നഖ്‌വി ഔദ്യോഗിക ചടങ്ങ് നടപടിക്രമങ്ങൾ പാലിക്കാതെ ട്രോഫിയും മെഡലുകളും കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.
ഇന്ത്യൻ താരങ്ങൾക്ക് നഖ്‌വിയിൽ നിന്ന് കിരീടം വാങ്ങാൻ താത്പര്യമില്ലെന്ന് ബി.സി.സി.ഐ. നഖ്‌വിയെ അറിയിച്ചിരുന്നു. പകരം, യുഎഇയിലെ ഏതെങ്കിലും ഒരു മുതിർന്ന അധികാരിയുടെ കൈകളിൽ നിന്ന് ട്രോഫി സ്വീകരിക്കാനാണ് ഇന്ത്യൻ ടീം ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യം നഖ്‌വി നിരസിച്ചു. ട്രോഫിയും മെഡലുകളുമായി വേദിയിൽ അൽപനേരം കാത്തുനിന്ന ശേഷം, അവയുമായി നഖ്‌വി വേദി വിടുകയായിരുന്നു.
ഈ നടപടി എസിസി ടൂർണമെൻ്റുകളുടെ അഖണ്ഡതയെ തകർക്കുന്നതായും നിഷ്പക്ഷതയുടെയും കായിക മര്യാദയുടെയും തത്വങ്ങൾ ലംഘിക്കുന്നതായും ഇന്ത്യ ആരോപിക്കുന്നു. നിലവിൽ ട്രോഫി അബുദാബിയിലെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ആസ്ഥാനത്തുണ്ടെന്നും എത്രയും പെട്ടെന്ന് ഇന്ത്യൻ ടീമിന് തിരികെ നൽകാൻ യുഎഇ അധികൃതർ ഉദ്ദേശിക്കുന്നു എന്നും വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
മൊഹ്‌സിൻ നഖ്‌വിയുടെ ഇരട്ട റോളുകളാണ് (പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും എ.സി.സി. പ്രസിഡന്റും) ഈ വിവാദത്തിലെ പ്രധാന വിഷയം. ഈ ഇരട്ട ഉത്തരവാദിത്തങ്ങൾ അന്തർലീനമായ താൽപര്യ വൈരുദ്ധ്യം സൃഷ്ടിക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത് ക്രിക്കറ്റ് ഭരണത്തെ രാഷ്‌ട്രീയവൽക്കരിക്കുകയും നിഷ്പക്ഷമായ ഭരണം വേണമെന്ന എ.സി.സി.യുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്നും ബി.സി.സി.ഐ. വാദിക്കുന്നു.
ദുബായിലെ സംഭവത്തിൽ, നഖ്‌വി എ.സി.സി. പ്രസിഡന്റ് എന്ന നിലയിലല്ല, മറിച്ച് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി എന്ന നിലയിലാണ് പ്രവർത്തിച്ചത്. ഈ നടപടി ടൂർണമെൻ്റിലെ വിജയികളായ ഇന്ത്യയുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണ്. കിരീടം ഔദ്യോഗികമായി കൈമാറാനുള്ള അവരുടെ അവസരം ഇല്ലാതാക്കി എന്നും ഇന്ത്യ ശക്തമായി വാദിക്കുന്നു.
ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ട്രോഫി “മോഷ്ടിച്ചതിനെക്കുറിച്ച്” യുഎഇ അധികൃതർക്ക് റിപ്പോർട്ട് നൽകാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. നഖ്‌വിയുടെ ഈ നടപടി ഒരു ഔദ്യോഗിക അന്വേഷണത്തിന് അർഹമാണെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. അയാളുടെ പെരുമാറ്റം വിജയിച്ച ടീമിനോടുള്ള അനാദരവ് മാത്രമല്ല, അംഗരാജ്യങ്ങളോട് രാഷ്‌ട്രീയപരമായ വിവേചനം കാണിക്കുന്നതിന് അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഇന്ത്യ വാദിക്കുന്നു.
എ.സി.സിയ്ക്ക് ഏറ്റവും വലിയ സാമ്പത്തിക സഹായം നൽകുന്ന (രാജ്യമാണ് ഇന്ത്യ. സ്ഥാപനത്തിന്റെ വിശ്വാസ്യതയും ക്രിക്കറ്റ് ഭരണത്തിന്റെ അഖണ്ഡതയും പുനഃസ്ഥാപിക്കാൻ, നഖ്‌വിക്കെതിരെ അവിശ്വാസ പ്രമേയം (Vote of No-confidence) അല്ലെങ്കിൽ ഇംപീച്ച്‌മെൻ്റ് പ്രമേയം ആവശ്യമാണെന്ന് ബി.സി.സി.ഐ വാദിക്കുന്നു. നഖ്വിയുടെ ഈ നടപടികൾ എ.സി.സി.യുടെയും ഐ.സി.സി.യുടെയും പേരിന് കോട്ടം വരുത്തുമെന്നും സ്പോൺസർമാരുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

