Monday, June 17, 2024
spot_img

നരേന്ദ്രമോദിയും അമിത് ഷായും മുന്‍ ജന്മത്തില്‍ ശ്രീകൃഷ്ണന്റെ കുലത്തിലെ യാദവന്‍ന്മാര്‍ : പുഷ്പാഞ്ജലി സ്വാമിയാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ ജന്മം ശ്രീകൃഷ്ണന്റെ യാദവ വംശത്തിലായിരുന്നുവെന്ന് തിരുവനന്തപുരം ‘ശ്രീപത്മനാഭ സ്വാമി ക്ഷേത്ര’ത്തിന്റെ പ്രധാന പൂജാരിയും ആത്മീയ അധികാരിയുമായ പുഷ്പാഞ്ജലി സ്വാമിയാര്‍. പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തെക്കുറിച്ച് പുറത്തിറക്കിയ ലഘു പുസ്തകത്തിലാണ് ഈ പരാമര്‍ശം. ദൈവമാണ് തന്നെ ഭൂമിയിലേക്ക് അയച്ചതെന്നും ദൈവത്താല്‍ നയിക്കപ്പെട്ടതാണ് താന്‍ ചെയ്യുന്നതെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പുഷ്പാഞ്ജലി സ്വാമിയാരുടെ ഈ പരാമര്‍ശം ശ്രദ്ധേയമായത്. ദൈവം തന്നെ തിരഞ്ഞെടുത്തത് ഒരു ലക്ഷ്യത്തിനാണെന്ന് ബോധ്യമുണ്ടെന്നും ലക്ഷ്യം കൈവരിക്കുന്നത് വരെ തന്റെ കടമ തുടരുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

പ്രത്യക്ഷത്തില്‍ ഹിന്ദുമതത്തിലെ പുനര്‍ജന്മ സങ്കല്‍പ്പത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സ്വാമിയാരുടെ ഈ പരാമര്‍ശം. ‘നമ്മുടെ രാജ്യത്തെ ലോകത്തിന്റെ മുന്‍പന്തിയില്‍ എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാജ്യസുരക്ഷ ഉറപ്പാക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാം ശ്രീകൃഷ്ണന്റെ യാദവ കുലത്തില്‍ പെട്ടവരാണ്. യാദവ വംശത്തിലെ ഭരണാധികാരികള്‍ രാജ്യത്തെ മഹത്വത്തിലേയ്ക്കും സമൃദ്ധിയിലേയ്്ക്കും നയിച്ചുവെന്നത് ചരിത്ര സത്യമാണ്.’ പുഷ്പാഞ്ജലി സ്വാമിയാര്‍ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഈ പുസ്തകം പുറത്തിറക്കിയത്. നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിന്റെ ആത്മീയനേതാവായി കണക്കാക്കപ്പെടുന്ന പദവിയാണ് പുഷ്പാഞ്ജലി സ്വാമിയാരുടേത്.

മൂന്നാം തവണയും പ്രധാനമന്ത്രിയാകാനുള്ള ചരിത്രപരമായ ശ്രമത്തിലാണ് നരേന്ദ്രമോദി. തന്റെ മണ്ഡലമായ വാരണാസിയിലെ സന്ദര്‍ശനത്തിനിടെ മെയ് 14 നാണ് നരേന്ദ്രമോദി തന്റെആത്മീയ ചിന്തകള്‍ പങ്കുവച്ചത്.
കാശി മണ്ഡലവുമായി തനിക്കുള്ള ആത്മ ബന്ധത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മാതാവ് ജീവിച്ചിരുന്ന കാലം വരെ താന്‍ ജനിച്ചത് ജൈവികമായിട്ടാണെന്ന ചിന്തയാണ് സ്വാഭാവികമായും തനിക്കുണ്ടായിരുന്നതെങ്കില്‍ അതിനു ശേഷം, തന്റെ അനുഭവങ്ങളെല്ലാം ഓര്‍മ്മിക്കുമ്പോള്‍, ദൈവമാണ് തന്നെ അയച്ചതെന്ന ബോധ്യമാണുണ്ടാവുന്നത്. തനിക്കു ലഭിക്കുന്ന ഊര്‍ജ്ജം തന്റെ ജീവശരീരത്തില്‍ നിന്നല്ല, മറിച്ച് ദൈവം തനിക്ക് നല്‍കുന്നതാണെന്നു കരുതുന്നതായും മോദി പറഞ്ഞു. ദൈവം തനിക്ക് കഴിവും ശക്തിയും ശുദ്ധമനസ്സും നല്ല ഉദ്ദേശ്യങ്ങള്‍ക്കുള്ള പ്രചോദനവും നല്‍കുന്നു. പക്ഷേ താന്‍ ഒരു ഉപകരണമല്ലാതെ മറ്റൊന്നുമല്ല. ദൈവമാണ് തന്നെ നയിക്കുന്നതെന്ന് വിശ്വസിക്കുന്നതായും മോദി പറഞ്ഞു.

ശ്രീകൃഷ്ണന്റെ ദ്വാരക കടലില്‍ മുങ്ങിയപ്പോള്‍ അവിടെ നിന്ന് പലായനം ചെയ്ത യാദവര്‍ പിന്നീട് തിരുവനന്തപുരത്തും എത്തി. വിഴിഞ്ഞം കേന്ദ്രമാക്കി ആയ് രാജവംശം സ്ഥാപിച്ചു. എ.ഡി. 8 നും 10 നും ഇടയിലുള്ള നൂറ്റാണ്ടുകളില്‍ വിഴിഞ്ഞം ഭരണതലസ്ഥാനമാക്കി ആയ് രാജവംശം ദക്ഷിണേന്ത്യ ഭരിച്ചു. അതാണ് ഇന്ത്യയിലെ യാദവ അല്ലെങ്കില്‍ ആയ് ഭരണത്തിന്റെ പരമ്പരയെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍ പുസ്തകത്തില്‍ പറയുന്നു. ഒമ്പതാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയില്‍ നിലനിന്നിരുന്നതായി കരുതപ്പെടുന്ന കാന്തല്ലൂര്‍ശാല എന്ന വിദ്യാഭ്യാസ കേന്ദ്രം ആയ് രാജ്യം സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു.

Related Articles

Latest Articles