Monday, June 17, 2024
spot_img

മോദി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബഹുമുഖ പ്രതിഭ: ജസ്റ്റിസ് അരുൺ മിശ്ര

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബഹുമുഖ പ്രതിഭയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്രയുടെ പ്രശംസ. സുപ്രീംകോടതി ആഡിറ്റോറിയത്തിൽ ദ്വിദിന അന്താരാഷ്ട്ര ജുഡിഷ്യൽ കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.

കാലഹരണപ്പെട്ട 1500 ഓളം നിയമങ്ങൾ ഒഴിവാക്കിയതിന് പ്രധാനമന്ത്രിയെയും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിച്ചു. അന്തസോടെയുള്ള മനുഷ്യ നിലനില്പാണ് നമ്മുടെ പ്രഥമ ഉദ്ദേശ്യം. ഈ കോൺഫറൻസിന്റെ അജൻഡ എന്തായിരിക്കണം എന്നതിന് ഉത്‌പ്രേരകമാകുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. (ലോകത്താകെ വിപ്ളവകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും അവ സമൂഹത്തിന്റെ എല്ലാത്തട്ടിലും എത്താനും നീതിപൂർവമാകാനും ജുഡിഷ്യറിയുടെ ഇടപെടൽ അനിവാര്യമാണെന്നാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രംഗത്തിൽ പറഞ്ഞത്).

ആഗോളതലത്തിൽ ചിന്തിക്കുകയും തദ്ദേശീയ തലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ദീർഘദർശിയാണ് മോദി. മോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും ഉത്തരവാദിത്വമുള്ളതും സൗഹൃദ പൂർണവുമായ രാജ്യമായി ഇന്ത്യ മാറി. ഈ മാറ്റത്തിനൊപ്പം രാജ്യസുരക്ഷ, വികസനം, പ്രകൃതി സംരക്ഷണം എന്നിവയ്ക്കും അദ്ദേഹം പ്രധാന്യം നൽകുന്നു. ഇതിനെല്ലാം മോദിയോട് നന്ദി പറയണമെന്നും അരുൺ മിശ്ര പറഞ്ഞു.

പ്രധാനമന്ത്രിയെ കൂടാതെ, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസ് എൽ. നാഗേശ്വര റാവു, അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, വിവിധ ഹൈക്കോടതി ജഡ്ജിമാർ, 24 വിദേശ രാജ്യങ്ങളിൽനിന്നുള്ള ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

നിലവിൽ സുപ്രീംകോടതിയിൽ സീനിയോറിട്ടിയിൽ മൂന്നാമനാണ് ജസ്റ്റിസ് അരുൺ മിശ്ര. ഈ വർഷം സെപ്തംബർ രണ്ടിന് വിരമിക്കുന്ന മിശ്രയ്ക്ക് ചീഫ് ജസ്റ്റിസ് ആകാനാവില്ല.

Related Articles

Latest Articles