ദില്ലി : രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി. സർക്കാർ രൂപീകരണത്തിനായുള്ള അവകാശവാദം ഉന്നയിച്ചു. ഇതേ തുടർന്ന് എൻഡിഎയെ സർക്കാർ രൂപീകരിക്കാനായി രാഷ്ട്രപതി ക്ഷണിച്ചു.
വൈകീട്ടോടെയായിരുന്നു നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിൽ എത്തിയത്. സർക്കാർ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച മോദി, രാഷ്‌ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. മൂന്നാം എൻഡിഎ സർക്കാർ രൂപീകരിക്കാനുള്ള അനുമതി നൽകുന്ന ഔദ്യോഗിക കത്ത് രാഷ്‌ട്രപതി മോദിക്ക് നൽകി. തുടർന്ന് രാഷ്‌ട്രപതി ഭവന് മുന്നിൽ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. എൻഡിഎ സഖ്യം സുശക്തവും വികസോന്മുഖവുമായ സർക്കാരിനെ രൂപീകരിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. അതേസമയം, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിൽ നേതാക്കൾ യോഗം ചേരുകയാണ്. ജയന്ത് ചൗധരി, പ്രഫുൽ പട്ടേൽ, രാജ്നാഥ് സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

