Friday, December 12, 2025

നവ കേരളയാത്രയിൽ ദേശീയ പതാകയെ അപമാനിച്ചു, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസെടുക്കണം – യുവമോർച്ച

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള യാത്രയിൽ ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ ഡി.ജി.പിക്കും ഗതാഗത കമ്മീഷണർക്കും പരാതി നൽകി. 2002ലെ പതാക ചട്ടം അനുസരിച്ച് ബസുകളിൽ രാഷ്ട്ര പതാക പറത്താൻ പാടില്ല. ബസിൽ രാഷ്ട്ര പതാക പറത്തുന്നത് ദേശീയ പതാകയെ അപമാനിക്കുന്നത് തടയൽ നിയമത്തിൽ ജാമ്യമില്ലാ വകുപ്പാണ്.
ദേശീയപതാകയോടുള്ള നഗ്നമായ ലംഘനമാണ് നവകേരള യാത്രയിൽ അരങ്ങേറിയതെന്നും ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രഫുൽ കൃഷ്ണൻ പരാതിയിൽ ആവശ്യപ്പെട്ടു. ദേശീയ പതാക ഔദ്യോഗിക വാഹനങ്ങളിൽ എങ്ങനെ ഉപയോഗിക്കണമെന്ന് ഫ്ലാഗ് കോഡിൽ പറയുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായാണ് നവകേരള യാത്രയുടെ ബസിൽ ദേശീയ പതാക ഉപയോഗിച്ചിരിക്കുന്നത്.

  ഇക്കാര്യത്തിൽ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. ഫ്ലാഗ് കോഡിലെ  സെക്ഷൻ മൂന്നിലെ നാലാം ഭാഗത്തിൻ്റെ നഗ്നമായ ലംഘനം നടന്നിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.

Related Articles

Latest Articles