Saturday, May 4, 2024
spot_img

രാഹുൽഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും ; ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് പുറമെ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലുമാണ് ഇഡി അന്വേഷണം നടത്തുന്നത്.

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ എത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്. ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം രാത്രിയാണ് രാഹുലിനെ ഇഡി വിട്ടയച്ചത്.രണ്ടു റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ ഡയറക്ടറായ രാഹുലിനെ ഇതിൽ നടന്ന പണമിടപാടുകളെയും നിക്ഷേപങ്ങളെയും കുറിച്ച് ധാരണയില്ലെന്ന എന്ന മറുപടി ഇ ഡി മുഖവിലയ്ക്ക് എടുത്തിട്ടില്ല. കൂടാതെ അഞ്ച് ലക്ഷം മാത്രം മൂലധന നിക്ഷേപമുള്ള കമ്പനി എങ്ങനെ അസോസിയേറ്റ് ജേർണലിനെ അൻപത് ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നതും ഈ ഇടപാടിലെ പൊരുത്തു കേടായി ഇഡി കാണുന്നുണ്ട്.

രാഹുലിൻ്റെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തത വരുത്താനുണ്ടെന്ന് ഇ ഡി പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ അൻപതിൻ്റെ അടിസ്ഥാനത്തിലാണ് രാഹുലിൻ്റെ മൊഴി രേഖപ്പെടുത്തിയത്. ഇ ഡി യു ടെ അസിസ്റ്റൻ്റ് ഡയറക്ടർ പദവിയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. ഇന്നലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത കേരളത്തിലെ എംപിമാരടക്കമുള്ള നേതാക്കളെയും രാത്രി വൈകിയാണ് ദില്ലി പോലീസ് വിട്ടയച്ചത്. ഇന്നും പ്രതിഷേധം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്താന്‍ നീക്കം നടത്തിയെങ്കിലും ഇത് ദില്ലി പൊലീസ് തടഞ്ഞിരുന്നു. രാവിലെ 7 മണിയോടെ എഐസിസി ആസ്ഥാനത്തും ഇഡി ഓഫീസ് പരിസരത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. രാവിലെ പത്തരയോടെ എഐസിസിയിലെത്തിയ രാഹുല്‍ ഗാന്ധി വിലക്ക് അവഗണിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം നീങ്ങി. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു.

ബാരിക്കേഡുകള്‍ മറികടന്ന് നീങ്ങിയ സംഘത്തെ പലയിടങ്ങളിലും പൊലീസ് തടഞ്ഞു. സാഹചര്യം സംഘര്‍ഷത്തിന്‍റെ വക്കോളമെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ വാഹനത്തിലേക്ക് മാറ്റി ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രകോപിതരായ നേതാക്കളും പ്രവര്‍ത്തകരും ഇഡി ഓഫീസിലേക്ക് നീങ്ങിയെങ്കിലും വഴിയില്‍ തടഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരേയും പോകാന്‍ അനുവദിച്ചിരുന്നില്ല.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്‍റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഒരിക്കല്‍ തെളിവില്ലെന്ന് കണ്ട് ഇഡി ക്ലോസ് ചെയ്ത കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം മുൻപോട്ട് പോകട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി..

Related Articles

Latest Articles