Monday, December 15, 2025

നവീൻ ബാബുവിന്റെ മരണം ! മുൻ‌കൂർ ജാമ്യം തേടി പി പി ദിവ്യ ! തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറെന്ന് ഹർജിയിൽ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ച് പി പി ദിവ്യ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പി.പി ദിവ്യ അപേക്ഷ നല്‍കിയത്. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ പറഞ്ഞു. സംസാരം സദുദ്ദേശപരമായിരുന്നുവെന്നും അവര്‍ പറയുന്നു.

“മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരം ആണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചത്. ആത്മഹത്യയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. ഗുരുതരമായ രോഗാവസ്ഥയുള്ള പിതാവ് ഉള്‍പ്പെടെ വീട്ടിലുണ്ട്. അറസ്റ്റ് തടയണം.”- ജാമ്യാപേക്ഷയിൽ പി പി ദിവ്യ പറയുന്നു.

നവീന്‍ ബാബുവിനെതിരെയും ജാമ്യാപേക്ഷയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടെന്നും ഗംഗാധരന്‍ എന്ന വ്യക്തിയും പരാതി പറഞ്ഞിരുന്നു എന്നും ദിവ്യ ആവര്‍ത്തിക്കുന്നു. ഫയല്‍ നീക്കം വേഗത്തിലാക്കണം എന്ന കാര്യമേ ഈ സംസാരം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ദിവ്യ പറഞ്ഞു.

പ്രസംഗത്തിന്റെ മുഴുവന്‍ കോപ്പിയും ഹാജരാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ വിവരപ്രകാരം കണ്ണൂര്‍ ജില്ലാകളക്ടറും സംശയത്തിന്റെ നിഴലിലാണ്. ക്ഷണിക്കാതെ പോയതോ മറ്റ് ഉദ്ദേശങ്ങളോടെ പോയതോ അല്ല എന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പരിപാടിയുമായി ബന്ധമില്ലാത്ത ഒരാളെ എന്തിന് ക്ഷണിച്ചു എന്ന കാര്യത്തില്‍ കളക്ടറും വിശദീകരണം നല്‍കേണ്ടി വരും.

Related Articles

Latest Articles