കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ലെന്ന് വിവരം. ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പോലീസ്. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗം നടന്നിട്ട് പതിനാല് ദിവസമായി പി പി ദിവ്യ ഇപ്പോഴും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുകയോ ചോദ്യം ചെയ്യലിന് തയ്യാറാകുകയോ ചെയ്തിട്ടില്ല. മുൻകൂർ ജാമ്യ ഹർജിയിൽ വിധി പറയുന്നത് വരെയും പോലീസിന് മുന്നിൽ ദിവ്യ ഹാജരാകില്ലെന്ന് ]ദിവ്യയോട് അടുത്ത കേന്ദ്രങ്ങളും ഇന്നലെ വ്യക്തമാക്കി. അതേസമയം ദിവ്യ കണ്ണൂർ ജില്ലയിൽ തന്നെയുണ്ടെന്നാണ് വിവരം.
നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തതോടെ ,ദിവ്യയുടേത് സദുദ്ദേശ നടപടിയെന്ന് പ്രതിരോധിച്ച കണ്ണൂർ സിപിഎം വെട്ടിലായി. സർവീസ് ചട്ടം ലംഘിച്ച് കച്ചവട സ്ഥാപനം തുടങ്ങിയ ആൾക്ക് വേണ്ടി, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലിരുന്ന ദിവ്യയുടെ ഇടപെടൽ സംശയത്തിലായിരിക്കുകയാണ്.

