മനുഷ്യക്കടത്തിന് ഇരകളായി കംബോഡിയയിലെത്തി സൈബർ തട്ടിപ്പ് സംഘത്തിന്റെ കൈയ്യിലകപ്പെട്ട കോഴിക്കോട് വടകര സ്വദേശികളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു. കംബോഡിയയിലെ ഇന്ത്യന്‍ എബസി ഒരുക്കിയ താല്‍ക്കാലിക അഭയകേന്ദ്രത്തിലായിരുന്ന ഇവര്‍ ഇന്ന് രാത്രിയോടെ കൊച്ചിയിൽ വിമാനമിറങ്ങും. കംബോഡിയയില്‍ നിന്നും മലേഷ്യ വഴി രാത്രിയോടെ നെടുമ്പാശ്ശേരിയില്‍ ഏഴു യുവാക്കളും വിമാനമിറങ്ങുമെന്ന് കെകെ രമ എംഎല്‍എ അറിയിച്ചു. ഈ മാസം മൂന്നിന് കംബോഡിയയില്‍ എത്തപ്പെട്ട യുവാക്കള്‍ സൈബർ തട്ടിപ്പ് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടാണ് ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇന്ത്യന്‍ എബസിയിലെത്തിപ്പെട്ടത്.
എന്നാല്‍ നാട്ടിലേക്കുള്ള ഇവരുടെ യാത്ര പ്രതിസന്ധിയിലായിരുന്നു. തുടർന്ന് എംബസി അധികൃതരുടെയും മലയാളി കൂട്ടായ്മയുടെയും സഹായത്തോടെയാണ് നാട്ടിലേക്കുള്ള യാത്രയൊരുങ്ങിയത്. വിമാനടിക്കറ്റിനുള്ള തുക നാട്ടില്‍ നിന്നും അയച്ചുകൊടുക്കുകയായിരുന്നു. ഐടി മേഖലയില്‍ ജോലി ലഭിക്കുമെന്ന് പറഞ്ഞ് പറ്റിച്ചാണ് ഒരു ലക്ഷം രൂപ വീതം വാങ്ങി വടകര സ്വദേശികളായ യുവാക്കളെ സുഹൃത്ത് കൂടിയായ ഇടനിലക്കാരന്‍ ആദ്യം മലേഷ്യയിലെത്തിച്ചത്. എന്നാല്‍ പിന്നീട് കംബോഡിയയിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാൽ സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ജോലിയായിരുന്നു യുവാക്കളെ കാത്തിരുന്നത്. യുവാക്കളെ അതിനായി ഒരു കമ്പനിക്ക് വില്‍ക്കുകയായിരുന്നു. വലിയ ശാരീരിക മാനസിക പീഡനങ്ങളാണ് അവിടെ യുവാക്കൾ നേരിട്ടത്.

