കോന്നി : പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ബലംപ്രയോഗിച്ച് മോചിപ്പിച്ചതായി പരാതി. വനംവകുപ്പ് ഉദ്യോഗസ്ഥരോട് എംഎല്‍എ മോശമായി പെരുമാറിയതായും പരാതിയുണ്ട്.
ഭൂ ഉടമയുടെ ജോലിക്കാരനെയാണ് ചോദ്യം ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നക്‌സലുകള്‍ വീണ്ടും വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎല്‍എ പറയുന്നത് വീഡിയോയില്‍ കാണാം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി ജോലി ചെയ്യണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച, കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സുഹൃത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്നാട് സ്വദേശിയായ വാസു എന്നയാളെയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. വനംവകുപ്പിന്റെ പാടം സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യാനായി എത്തിച്ചത്.
ഇതറിഞ്ഞാണ് എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിക്രമം പാലിച്ചില്ല എന്നാരോപിച്ചാണ് എംഎല്‍എയും സംഘവുമെത്തിയത്. എംഎല്‍എ ഉദ്യോഗസ്ഥര്‍ക്കുനേരെ തട്ടിക്കയറുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

