Monday, May 20, 2024
spot_img

രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലെങ്കിലും വിജയ സാധ്യത എൻ ഡി എ ക്ക് തന്നെ

ദില്ലി: അടുത്തമാസം 18 നു നടക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ എൻ ഡി എ ക്ക് നിലവിൽ 13000 വോട്ടുമൂല്യത്തിന്റെ കുറവുണ്ട്. പക്ഷെ സ്വന്തം സ്ഥാനാർത്ഥിയെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള തന്ത്രങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മന്ത്രിമാരുടെയും നേതാക്കളുടേയും സംഘം അന്തിമരൂപം നൽകിയതായി റിപ്പോർട്ട്. പ്രതിപക്ഷ നിരയില്‍നിന്ന് വൈ.എസ്.ആര്‍. കോണ്‍ഗ്രസും(43,000 വോട്ടുമൂല്യം) ബിജു ജനതാദളും(31,000) ഈ കുറവുപരിഹരിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. പ്രതിപക്ഷത്തെ കൂടുതല്‍ പ്രാദേശികപാര്‍ട്ടികളുമായി രഹസ്യധാരണയുണ്ടാക്കി എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ വിജയം അനായാസമാക്കാന്‍ അവര്‍ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. 2017-ല്‍ എന്‍.ഡി.എ.യുടെ ഭാഗമായിരുന്ന ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഇക്കുറി ഒപ്പമില്ല. 2017-നുശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷം നഷ്ടമായതും വോട്ടിങ് നിലയെ ബാധിക്കും. കഴിഞ്ഞതവണ പിന്തുണ നല്‍കിയിരുന്ന കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്‍.എസ്. ഇക്കുറി കടുത്ത ബി.ജെ.പി.വിരുദ്ധ നിലപാടിലാണ്. എന്നാലും ഈ വെല്ലുവിളികളെ മറികടന്ന് സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.

വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും കഴിഞ്ഞമാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍നിന്ന് മായാവതിയുടെ രഹസ്യപിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു പ്രതിപക്ഷ സ്ഥാനാര്‍ഥിക്കായി നിലപാടെടുത്ത് ഇടതുപാര്‍ട്ടികള്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതനിരപേക്ഷവും പുരോഗമനപരവുമായ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നയാളെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചാല്‍ പിന്തുണയ്ക്കാമെന്നതാണ് പൊതുനിലപാട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം സ്വീകാര്യമാകുന്ന പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. പൊതുസമ്മത സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് കണ്ടെത്തിയാലും പ്രഖ്യാപനം മറ്റേതെങ്കിലും പാര്‍ട്ടിയെക്കൊണ്ട് നടത്തിക്കണമെന്ന് ഇടതുപക്ഷത്തെ ചില കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നത് തിരിച്ചടിയായേക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണിത്. അതുവഴി പ്രാദേശിക പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാനാകുമെന്നും കണക്കുകൂട്ടുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ ഇടതുനേതാക്കള്‍ ധരിപ്പിച്ചിട്ടുണ്ട്. സാഹചര്യമറിയാവുന്നതിനാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഇതു സമ്മതിച്ചതായാണ് വിവരം.

Related Articles

Latest Articles