Wednesday, December 24, 2025

വീട്ടമ്മയുടെ മാലപൊട്ടിച്ച അയല്‍വാസിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തിമംഗലത്ത് വീട്ടമ്മയുടെ മാലപൊട്ടിച്ചോടിയ അയല്‍വാസിയായ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. അഞ്ചുമൂര്‍ത്തിമംഗലം ചെന്നയ്ക്കപ്പാടം കൃഷ്ണന്റെ ഭാര്യ വിജയലക്ഷ്മിയുടെ (67) മാല പൊട്ടിച്ച കേസിലാണ് അയല്‍വാസിയായ ചോഴിയങ്കാട് അല്‍അമീന്‍ (40) അറസ്റ്റിലായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിജയലക്ഷ്മി തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ മുഖംമറച്ചെത്തിയ അല്‍അമീന്‍ മാലപൊട്ടിച്ച്‌ സ്ഥലത്തുനിന്നും ഓടുകയായിരുന്നു . വിജയലക്ഷ്മിയും ബഹളം വെച്ച്‌ ഇയാളുടെ പിന്നാലെയോടി. തുടര്‍ന്ന് ബഹളംകേട്ടെത്തിയ നാട്ടുകാര്‍ പിന്നാലെയോടി അല്‍അമീനെ പിടികൂടുകയായിരുന്നു .

രണ്ടരപ്പവന്റെ മാലയാണ് പ്രതി തട്ടിയെടുത്തത് . പൊട്ടിക്കുന്നതിനിടെ മാലയിലുണ്ടായിരുന്ന ലോക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മാല തിരികെ ലഭിച്ചു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വടക്കഞ്ചേരി പോലീസെത്തി അല്‍അമീനെ അറസ്റ്റുചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Related Articles

Latest Articles