Monday, May 20, 2024
spot_img

നെടുങ്കണ്ടം കസ്റ്റഡി മരണം; അറസ്റ്റിലായ എസ്ഐ സാബുവിനെ ഇന്ന് റിമാന്‍ഡ് ചെയ്യും

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിൽ അറസ്റ്റിലായ എസ്ഐ സാബുവിനെ ഇന്ന് റിമാൻഡ് ചെയ്യും. കുഴഞ്ഞു വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സാബുവിനെ പീരുമേട് മജിസ്‌ട്രേറ്റ് ആശുപത്രിയിൽ വച്ചോ ആരോഗ്യം മെച്ചപ്പെട്ടാൽ ഡിസ്ചാർജ് ചെയ്ത് കോടതിയിൽ എത്തിച്ചോ ആകും റിമാൻഡ് ചെയ്യുക.

കേസിൽ അറസ്റ്റിലായ സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണിയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ്. സുരക്ഷ കാരണങ്ങളാൽ ദേവികുളം സബ് ജയിലിലാണ് സജീവ് ആന്റണിയെ കൊണ്ടുപോയത്. അതേസമയം, ജയിൽ ഡിജിപി ഋഷിരാജ്‌ സിംഗ് ഇന്ന് പീരുമേട് സബ് ജയിലിൽ എത്തും. രാജ്‌കുമാറിന്റെ മരണം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനാണ് ഡിജിപി എത്തുന്നത്.

കഴിഞ്ഞ മാസം 21-നാണ് റിമാൻഡിൽ കഴിയവെ രാജ്‌കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. രാജ്കുമാറിന്‍റെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് വ്യക്തമാണെന്നും കൊലയിലേക്ക് നയിച്ച മർദ്ദനത്തിന് നേതൃത്വം നൽകിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്ഐ കെ എ സാബുവും സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്‍റണിയുമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം ഐപിസി 302 അടക്കമുള്ള വകുപ്പുകൾ ചുമത്തി.
എന്നാൽ, അറസ്റ്റ് വിവരം അറിയച്ചയുടൻ രക്തസമ്മ‍ർദ്ദം കുറഞ്ഞ് എസ്ഐ സാബു കുഴഞ്ഞ് വീണു.

Related Articles

Latest Articles