തിരുവനന്തപുരം: മൂന്നു ദിവസത്തിനുള്ളിൽ തന്നെ മന്ത്രിയാക്കിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് എൻ സി പി, തോമസ് കെ തോമസ് വിഭാഗം മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകിയതായി സൂചന. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പരസ്യ പ്രതികരണത്തിലേക്ക് പോകും. പലതും പറയാനുണ്ടെന്ന് തോമസ് കെ തോമസ് അറിയിച്ചതായും സൂചനയുണ്ട്. എൻ സി പി യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിയാര് എന്ന ചോദ്യം ഒരുവിഭാഗം എൻ സി പി നേതാക്കൾ ഉന്നയിക്കുന്നുണ്ട്. മന്ത്രിമാറ്റം പാർട്ടിയുടെ തീരുമാനമാണ്. അനിശ്ചിതത്വത്തിന്റെ കാരണം തനിക്കറിയില്ലെന്നും തീരുമാനം വൈകാൻ പാടില്ലെന്നും അദ്ദേഹം ഇന്ന് രാവിലെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
മന്ത്രിസഭയിലെ എൻ സി പിയുടെ പ്രതിനിധിയായ എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ നിയോഗിക്കണമെന്ന് എൻ സി പി ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിൽ ഇതുസംബന്ധിച്ച് സമവായം ഉണ്ടാകാത്തതിനെ തുടർന്നാണ് ദേശീയ നേതൃത്വം ഇടപെട്ടത്. മന്ത്രിസ്ഥാനം ഒഴിയണമെന്ന പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം എ കെ ശശീന്ദ്രൻ അംഗീകരിച്ചിരുന്നില്ല. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നാൽ എം എൽ എ സ്ഥാനവും രാജിവയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. തുടർന്ന് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് മന്ത്രിസ്ഥാനം ഒഴിയാൻ ശശീന്ദ്രൻ സമ്മതിച്ചിരുന്നു. ഇക്കാര്യം പാർട്ടി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മുഖ്യമന്ത്രി എ കെ ശശീന്ദ്രനെ മാറ്റാനാവില്ലെന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് തോമസ് കെ തോമസ് വിഭാഗം കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.

