പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര ഫെബ്രുവരി 12 വരെ റിമാൻഡിൽ. കോടതിയിൽ ഹാജരാക്കിയ വേളയിൽ പരിക്കുണ്ടോയന്ന് ജഡ്ജി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. മകള്‍ എന്‍ജിനീയറാണെന്നും മരുമകൻ ക്രൈം ബ്രാഞ്ചിലാണെന്നും അവരുടെ മുന്നിൽ മുഖം കാണിക്കാൻ തനിക്കാവില്ലെന്നും എത്രയും വേഗം ശിക്ഷിക്കണമെന്നും 100 വര്‍ഷം ജയിലിൽ അടച്ചോളുവെന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്.
അതേസമയം ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. തന്‍റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതിയെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് ചെന്താമര കൊടുവാള്‍ വാങ്ങിയിരുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൊല നടത്തിയത് പൂര്‍വ വൈരാഗ്യം കൊണ്ടാണെന്നും പ്രതിയിൽ നിന്ന് അയൽവാസികള്‍ക്ക് തുടര്‍ച്ചയായ വധ ഭീഷണിയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യു ആണ് വക്കാലത്ത് നൽകിയത്.

