Friday, May 3, 2024
spot_img

നേപ്പാൾ ഭൂചലനം !മരിച്ചവരുടെ എണ്ണം 132 ആയി ഉയർന്നു ; നേപ്പാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ മരണസംഖ്യ 132 ആയി ഉയർന്നു, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 37 ആണെന്നാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ദില്ലിയിലും മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലും അനുഭവപ്പെട്ടതായി സീസ്മോളജി നാഷണൽ സെന്റർ വ്യക്തമാക്കി.

ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഭാരതത്തിന്റെ നാഷണൽ സെന്റർ ഫോർ സീസ്മോളജി പുറത്ത് വിട്ട റിപ്പോർട്ടിന് സമാനമായി 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നേപ്പാളിലെ നാഷണൽ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.

എന്നാൽ ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) തീവ്രത 5.7 ആണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ തീവ്രത 5.6 ആണെന്നുമാണ് വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ നേപ്പാളിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

ഭൂകമ്പത്തെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിൽ മൂലം ദുരന്ത മുഖത്ത് എത്താൻ ഏറെ സമയമെടുത്തതായി ജജർകോട്ട് ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥൻ സുരേഷ് സുനാർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. തണുപ്പും രാത്രിയും കാരണം വിദൂര പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പ്രയാസം നേരിട്ടതായും അദ്ദേഹം വെളിപ്പെടുത്തി. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പത്തിൽ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടതിൽ “അഗാധമായ ദുഃഖം” പ്രകടിപ്പിക്കുകയും അടിയന്തര രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സുരക്ഷാ ഏജൻസികളോട് ഉത്തരവിടുകയും ചെയ്തു.

ഭൂകമ്പത്തിൽ 600 കിലോമീറ്റർ അകലെയുള്ള ദില്ലിയിലെ കെട്ടിടങ്ങൾ കുലുങ്ങിയതായുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രകമ്പനം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒരു മിനിറ്റിലധികം നീണ്ടുനിൽക്കുകയും ആളുകൾ ഉടൻ തന്നെ വീടുകളിൽ നിന്ന് പുറത്തേക്കോടുകയും ചെയ്തു.

Related Articles

Latest Articles