Sunday, December 28, 2025

നേപ്പാൾ പ്രധാനമന്ത്രിയുടെ പണിപോകും? ഇന്ന് നിർണ്ണായക യോഗം

കാഠ്മണ്ഡു: പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യത്തിനിടെ ഭരണകക്ഷിയുടെ നിര്‍ണ്ണായക നേതൃയോഗം ഇന്ന്. നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുന്നത്. പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ രാജി ആവശ്യപെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പി കെ ധഹല്‍, മാധവ് കുമാര്‍ നേപ്പാള്‍ എന്നിവര്‍ രംഗത്ത് വന്നതോടെയാണ്.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒലി രാജി വെയ്ക്കണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പിളര്‍ത്തി അധികാരത്തില്‍ തുടരാനുള്ള നീക്കവും ഒലി നടത്തുന്നുണ്ട്. തിരക്കിട്ട ചര്‍ച്ചകളാണ് കാഠ്മണ്ഡുവില്‍ നടക്കുന്നത്. ശനിയാഴ്ച ധഹലും ഒലിയും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി പിളര്‍ത്താന്‍ ഒലി നടത്തുന്ന നീക്കങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നിട്ടുള്ളത്.

ഇന്ന് ചേരുന്ന പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ണ്ണായകമാണ്. ഒലി യുടെ രാജി എന്ന ആവശ്യം പാര്‍ട്ടി നേതൃയോഗത്തില്‍ ഉയരുകയും ആ ആവശ്യം ഓലി തള്ളിക്കളയുകയും ചെയ്താല്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നതിനും സാധ്യതയുണ്ട്.

അതേസമയം, ശര്‍മ്മ ഒലിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ആണ് ഉയരുന്നത്. ചൈനയും ഭാരതവും തമ്മില്‍ ലഡാക്കില്‍ സംഘര്‍ഷം നടക്കുന്നതിനിടെ, സമാന്തരമായി ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടം പ്രസിദ്ധീകരിച്ചു കൊണ്ട് നേപ്പാള്‍ ചൈനയുടെ രണ്ടാം പോര്‍മുഖമായി അവതരിക്കുകയായിരുന്നു. ചൈനയുടെ ആജ്ഞാനുവര്‍ത്തി എന്നത് പോലെ ഇക്കാര്യങ്ങളെല്ലാം ചെയ്തു കൂട്ടിയത്, ശര്‍മ്മ ഒലി എന്ന കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ആയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമാം വിധം ഭാരതം തിരിച്ചടിച്ചതോടെ ചൈനയ്ക്ക് പിന്തിരിയേണ്ടി വന്നു.

ഇപ്പോഴിതാ ചൈന ഒരുക്കിയ ഹണി ട്രാപ്പ് ആണ് ശര്‍മ്മ ഒലിയെ വെറുമൊരു അടിമയാക്കി മാറ്റിയതെന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് വിരമിച്ച ഇന്ത്യന്‍ സൈനീക മേജറായ ഗൗരവ് ആര്യ. അദ്ദേഹം ചെയ്ത ട്വീറ്റിനെതിരെ ആയിരക്കണക്കിന് ഇന്ത്യക്കാരടക്കം നിരവധി പേരാണ് രംഗത്തു വന്നിട്ടുള്ളത് എങ്കിലും, ട്വീറ്റ് പിന്‍വലിക്കാന്‍ ഗൗരവ് തയ്യാറായിട്ടില്ല.

Related Articles

Latest Articles