കാഠ്മണ്ഡു: നേപ്പാൾ മലനിരകളിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയതായി നേപ്പാൾ വ്യോമയാന വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് അവസാനത്തെയാളുടെ മൃതദേഹം ലഭിച്ചതെന്ന് സൈന്യം അറിയിച്ചു. ഇന്നലെ വരെ നടന്ന തിരച്ചിലിൽ 22യാത്രക്കാരിൽ 21 പേരെയാണ് കണ്ടെത്താനായത്.
സംഭവത്തിൽ 12 മൃതശരീരങ്ങൾ പോസ്റ്റ്മാർട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ചെയ്തിട്ടുള്ളത് എന്ന് നേപ്പാളിലെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ നാരായൺ സിൽവാൽ ട്വിറ്ററിലൂടെ അറിയിച്ചു.
നേപ്പാളിലെ മുസ്താംഗ് ജില്ലയിലെ മലനിരകളിലാണ് പൊഖ്‌റയിൽ നിന്നും പുറപ്പെട്ട താരാ എയർ വിമാനം തകർന്നുവീണത്. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുപൊങ്ങിയശേഷം മോശം കാലാവസ്ഥ മൂലം ഹിമാലയൻ മലനിരകളിൽ വിമാനം തകർന്നുവീഴുകയായിരുന്നു.
വിമാനത്തിൽ നാലുപേർ ഇന്ത്യൻ പൗരന്മാരും രണ്ടുപേർ ജർമ്മൻ സ്വദേശികളുമായിരുന്നു. ജീവനക്കാരടക്കം ബാക്കി 16 പേരും നേപ്പാൾ സ്വദേശികളാണ്. പൊഖ്‌റയിൽ നിന്നും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ ജോംസോമിലേക്കാണ് കനേഡിയൻ നിർമ്മിതിയായ ഇരട്ട എഞ്ചിൻ വിമാനം പുറപ്പെട്ടത്.

