ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ഉൾപ്പടെയുള്ള സിനിമകളുടെ രചയിതാവും രാജ്യസഭാംഗവുമായ വിജയേന്ദ്ര പ്രസാദ് ആർഎസ്എസിന്റെ ചരിത്രം പറയുന്ന സിനിമ ചെയ്യാൻ തയ്യാറെടുക്കുന്നു. ആർഎസ്എസിനെക്കുറിച്ചുള്ള ഒരു വെബ് സീരീസും ചെയ്യാൻ പദ്ധതിയിടുന്നതായി വിജയേന്ദ്ര പ്രസാദ് അറിയിച്ചു.
ബാഹുബലി, ആർആർആർ, ബജ്രംഗി ഭായ്ജാൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ വിജയേന്ദ്ര പ്രസാദ് സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവുമാണ്. ഓഗസ്റ്റ് 16 ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം രാം മാധവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് വിജയേന്ദ്ര പ്രസാദ് സിനിമയെസക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അദ്ദേഹം പുറത്ത് വിട്ടത്.
‘ഭഗവധ്വജ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം താൻ തന്നെ സംവിധാനം ചെയ്യുമെന്നും അടുത്തിടെ മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു. ആർഎസ്എസിന്റെ കഥയാണ് സംവിധാനത്തിലേക്ക് തിരിച്ചുവരാൻ തന്നെ പ്രേരിപ്പിച്ചതെന്നും ചിത്രത്തിന്റെ കാസ്റ്റിംഗ് ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിനെക്കുറിച്ചും, കെ ബി ഹെഡ്‌ഗേവാർ, എം എസ് ഗോൾവാൾക്കർ, വീർ സവർക്കർ, കെ എസ് സുദർശൻ, മോഹൻ ഭഗവത് തുടങ്ങിയവരെക്കുറിച്ചുമുള്ള സിനിമയ്ക്ക് വിജയേന്ദ്ര പ്രസാദ് തിരക്കഥ എഴുതുമെന്ന് 2018-ലാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തു വന്നത്.
വിജയവാഡയിലെ കെവിഎസ്ആർ സിദ്ധാർത്ഥ ഫാർമസ്യൂട്ടിക്കൽ സയൻസ് കോളേജിൽ നടന്ന രാം മാധവിന്റെ ‘പാർട്ടീഷൻഡ് ഫ്രീഡം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി വിജയേന്ദ്ര പ്രസാദിനെ ക്ഷണിച്ചിരുന്നു.
അന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് വിജയേന്ദ്ര പ്രസാദ് പറഞ്ഞതിങ്ങനെ,
”മൂന്നോ നാലോ വർഷം മുൻപു വരെ എനിക്ക് ആർഎസ്എസിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. അവരാണ് ഗാന്ധിയെ കൊന്നതെന്നാണ് മറ്റു പലരെയും പോലെ ഞാനും വിശ്വസിച്ചിരുന്നത്. എന്നാൽ നാല് വർഷം മുൻപ് ചിലർ എന്നോട് ആർഎസ്എസിനെക്കുറിച്ച് ഒരു തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടു. അതിന് പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഞാൻ നാഗ്പൂരിൽ പോയി മോഹൻ ഭഗവതിനെ കണ്ടു. ഒരു ദിവസം അവിടെ താമസിച്ച്, ആർഎസ്എസ് എന്താണെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കി. ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് കുറിച്ച് ഇത്രയും കാലം മനസിലാക്കാതിരുന്നതിൽ എനിക്ക് ഒരുപാട് പശ്ചാത്താപം തോന്നി”,
ആർഎസ്എസ് ഇല്ലായിരുന്നെങ്കിൽ കശ്മീർ ഉണ്ടാകുമായിരുന്നില്ല എന്നും അത് പാക്കിസ്ഥാനുമായി ലയിക്കുമായിരുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കൾ മരിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് മാസത്തിനുള്ളിൽ താൻ കഥയെഴുതിയെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അതിൽ സന്തോഷവാനാണെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ”ഒരു നല്ല വാർത്ത അറിയിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ ആ സിനിമയുമായി ബന്ധപ്പെട്ട ജോലികൾ ഉടൻ ആരംഭിക്കാൻ പോകുന്നു. ആർഎസ്എസിനെക്കുറിച്ച് ഒരു സിനിമയും ഒരു വെബ് സീരീസും നിർമിക്കും”, വിജയേന്ദ്ര പ്രസാദ് പ്രഖ്യാപിച്ചു. തങ്ങളെക്കുറിച്ച് പൊതുജനങ്ങളോട് പറയാതിരിക്കുക എന്നൊരു തെറ്റ് ആർഎസ്എസ് ചെയ്തു. ആ തെറ്റിനുള്ള പരിഹാരം താൻ ചെയ്യുമെന്നും. ആർഎസ്എസിന്റെ മഹത്വത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അഭിമാനത്തോടെ പറയാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

