ദില്ലി: അഴിമതി നിരോധന നിയമപ്രകാരം ഭൂരിഭാഗം അന്വേഷണങ്ങളും പരമാവധി ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കാനുളള പുതിയ നടപടിയുമായി സിബിഐ. ഏജൻസിയുടെ ഏറ്റവും പുതിയ ക്രൈം മാനുവൽ പ്രകാരമാണ് പുതിയ നടപടി. 15 വർഷത്തിന് ശേഷമാണ് ഇത്തരത്തില് ഒരു മാറ്റം നടത്തിയിരിക്കുന്നത്. നിയമ വിദഗ്ധർ, ഏജൻസിയിലെ വിരമിച്ച ഉദ്യോഗസ്ഥർ, മറ്റ് വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച ശേഷം അഡീഷണല് ഡയറക്ടർ പ്രവീൺ സിൻഹയുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് സിബിഐയുടെ ഏറ്റവും പുതിയ ക്രൈം മാനുവൽ.
എന്നാല് അഴിമതി കേസുകളിൽ നിലവിലുള്ള ഒരു വർഷത്തെ സമയപരിധി ജോയിന്റ് സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി പോലുള്ള ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ആരോപിക്കപ്പെടുന്ന കേസുകളിൽ മാത്രമേ ബാധകമാകൂ. അതേസമയം അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് സിബിഐയിലെ അഡീഷണല് ഡയറക്ടർ റാങ്കോ അതിനെക്കാള് ഉയര്ന്ന ഒരു ഉദ്യോഗസ്ഥനോ ആയിരിക്കുമെന്നാണ് റിപ്പോര്ട്ടുകള്. അതേസമയം ക്ലാർക്കുകൾ അല്ലെങ്കിൽ സെക്ഷൻ ഓഫീസർമാർ പോലുള്ള താഴ്ന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കേസുകൾക്ക്, സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥർ ആറുമാസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്.

