ചെന്നൈ:തമിഴ്‌നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ്.
മറിന, ബെസന്ത് നഗർ, നീലങ്കരൈ എന്നീ ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ലെന്നും ഇവിടെ പാർക്കിങ് നിരോധിച്ചതായും പോലീസ് അറിയിച്ചു.
ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിലെ സംഗീത, ഡിജെ പാർട്ടി സർക്കാർ നിരോധിച്ചു. അപാർട്ടുമെന്റുകളിലെ ആഘോഷങ്ങൾക്കും നിരോധനം ബാധകമാണ്.
മാത്രമല്ല ഡിസംബർ 31ന് രാത്രി 9 മണിക്ക് ശേഷം ഈ പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ, കാമരാജ് റോഡ്, മറിന ബീച്ച് റോഡ്, ബെസന്ത് നഗർ ഏലിയറ്റ് റോഡ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. ഭക്ഷണശാലകൾ രാത്രി 11 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ.
ഹോട്ടലുകളിലെ ജീവനക്കാർ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ 11 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ 45 ആയി ഉയർന്നു. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കോവിഡ്, ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, കേരളത്തിലും ഒമിക്രോൺ കേസുകൾ ഉയരുന്നതിനാൽ അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാട് കർശന പരിശോധന ഏർപ്പെടുത്തിയിരിക്കുകയാണ്.

