ദില്ലി: എൽ ഡി എഫ് കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജന് നിക്ഷേപമുണ്ടെന്ന ആരോപണമുയർന്ന വൈദേകം റിസോർട്ട് തന്റെ കമ്പനി വാങ്ങുന്നതായുള്ള വാർത്തകൾക്ക് വിരാമമിട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കണ്ണൂരിലെ റിസോർട്ട് വിൽപനയുമായി തന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി വൈദേകം റിസോര്‍ട്ട് വാങ്ങുന്നു എന്നാണ് വാർത്തകൾ പ്രചരിച്ചത്. ഇതോടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ എന്ന പേരില്‍ പ്രസ്താവനയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്നെ ഈ വാര്‍ത്ത വ്യാജമാണെന്നും വൈദേകം റിസോര്‍ട്ട് വില്‍പനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരു ട്വീറ്റിലൂടെ പ്രതികരിച്ചത്. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ പി ജയരാജന് അനധികൃത നിക്ഷേപം വൈദേകം റിസോർട്ടിലുണ്ടെന്നും പാർട്ടി അത് അന്വേഷിക്കണമെന്നും സിപിഎം നേതാവായ പി ജയരാജൻ സംസ്ഥാന സമിതിയിൽ പരാതിപ്പെട്ടതായുള്ള വാർത്തകൾ പുറത്ത് വന്നതോടെയാണ് റിസോർട്ട് വാർത്തകളിൽ ഇടംപിടിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നടന്നതായുള്ള ആരോപണങ്ങൾക്കിടെ കേന്ദ്ര ഏജൻസികളായ ഇ ഡി യും ആദായനികുതി വകുപ്പും സ്ഥാപനത്തിൽ റെയ്‌ഡ് നടത്തിയിരുന്നു. വിവാദങ്ങൾ ഉയർന്നതോടെ ഇ പി ജയരാജനും കുടുംബവും വൈദേകം റിസോർട്ടിൽ തങ്ങൾക്കുള്ള ഓഹരികൾ വിൽക്കാനൊരുങ്ങുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി റിസോർട്ട് വാങ്ങുന്നുവെന്ന വാർത്ത പ്രചരിച്ചത്.

