ദില്ലി: മാനനഷ്ടക്കേസിൽ ജാമ്യം നീട്ടാനും ശിക്ഷ സ്റ്റേ ചെയ്യാനും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി സമർപ്പിച്ചിരിക്കുന്ന ഹർജികൾ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹർജ്ജി പരിഗണിയ്ക്കുക. ശിക്ഷ സ്റ്റേ ചെയ്‌താൽ അയോഗ്യത നീങ്ങും എന്നതിനാൽ രാഹുലിന് ഇന്ന് നിർണ്ണായക ദിനമാണ്. സൂറത്ത് ജില്ലാക്കോടതി കേസിൽ പ്രതിയായ രാഹുലിന് രണ്ട് വർഷം തടവും ശിക്ഷയും വിധിച്ചിരുന്നു. ഇതേ തുടർന്നാണ് രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ദായത്. സൂറത്തിൽ നിന്നുള്ള നിയമസഭാംഗം പൂർണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
കർണാടകയിലെ കോലാറിൽ രാഹുൽഗാന്ധിയുടെ വിവാദ ‘മോദി’ പരാമർശമാണ് കേസിനാസ്പദമായ സംഭവം. ഇതേ സംഭവത്തിൽ ബിഹാർ ബിജെപി നേതാവ് സുശീൽ മോദിയും മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസിൽ നേരിട്ട് ഹാജരാകാൻ കോടതി രാഹുലിന് ഉത്തരവ് നൽകിയിരുന്നു. അതേസമയം രാഹുൽ ഗാന്ധി ഇതേ കേസ്സുകളിൽ ഒന്നിലധികം തവണ പ്രതിയായിട്ടുണ്ട്. ആർ എസ് എസിനെതിരെ വസ്തുതാവിരുദ്ധ പരാമർശം നടത്തിയതിന് നേരത്തെ രാഹുൽ കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു. സ്വാതന്ത്ര്യസമരസേനാനി സവർക്കറെ അപമാനിച്ച് നടത്തിയ പ്രസ്താവനയിൽ സവർക്കറുടെ കുടുംബവും രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ്.

