Saturday, May 11, 2024
spot_img

ന്യൂസ്‌ക്ലിക്ക് റെയ്ഡ്: ദില്ലി പോലീസ് നീക്കം കൃത്യമായ മുന്നൊരുക്കങ്ങളോടെ ; ഒരേ സമയം റെയ്ഡ് നടന്നത് 30 കേന്ദ്രങ്ങളിൽ ! എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ കസ്റ്റഡിയിൽ

ദില്ലി : ഓണ്‍ലൈന്‍ വാർത്താ പോർട്ടലായ ‘ന്യൂസ്‌ക്ലിക്കു’മായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ദില്ലി പോലീസിന്റെ വ്യാപക പരിശോധന നടന്നത് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗം നടന്നത്. ഇതിനു പിന്നാലെയാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളില്‍ ദില്ലി പോലീസിന്റെ പരിശോധന ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുലര്‍ച്ചെ രണ്ടുമണിക്ക് നടന്ന യോഗത്തില്‍ ഇരുന്നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. യോഗ വിവരങ്ങൾ പുറത്തറിയാതിരിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമേ ജൂനിയര്‍ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ഫോണുകള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളെത്തുടര്‍ന്നാണ് ഇന്നത്തെ റെയ്‌ഡ്‌ ദില്ലി പോലീസ് നടത്തിയതെന്നാണ് വിവരം.ന്യൂസ് ക്ലിക്കിനെതിരേ ദില്ലി റെയ്ഞ്ചില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ, എഴുത്തുകാരായ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഊര്‍മിളേഷ് എന്നിവരെ ഡല്‍ഹിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസുകളില്‍ എത്തിച്ചിരുന്നു. പ്രഭിര്‍ പുര്‍കയാസ്ഥയെ പിന്നീട് കസ്റ്റഡിയിലെടുത്തു.അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘത്തില്‍നിന്ന് ന്യൂസ് ക്ലിക്കിനും ഫണ്ടിങ് ലഭിച്ചതായി നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് അനുകൂല വാര്‍ത്തകള്‍ നല്‍കാനായാണ് നെവില്‍ റോയ് സിംഘം പണം മുടക്കിയതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായുള്ള ആശയപ്രചരണത്തിനായി ലോകമെമ്പാടും പണം മുടക്കുന്നയാളാണ് ഇയാളെന്ന് നേരത്തെതന്നെ ആരോപണങ്ങളുണ്ടായിരുന്നു.

30 കേന്ദ്രങ്ങളിലായാണ് ഇന്ന് ഒരേ സമയം പരിശോധന നടത്തിയത്. എ,ബി,സി എന്നീ കാറ്റഗറികളാക്കി തിരിച്ചായിരുന്നു പരിശോധന. ദില്ലിക്ക് പുറമേ മുംബൈയിലും പരിശോധന നടന്നു. മുംബൈയില്‍ ആക്ടിവിസ്റ്റായ തീസ്ത സെതല്‍വാദിന്റെ വസതിയിലാണ് പരിശോധന നടന്നത്. മുംബൈ പോലീസിന്റെ സഹകരണത്തോടെയാണ് ഇവിടെ പരിശോധന നടന്നത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും പോലീസ് സംഘമെത്തി. യെച്ചൂരിയുടെ ജീവനക്കാരനായ ശ്രീനാരായണിന്റെ മകന്‍ സുന്‍മീത് കുമാറിനെ ചോദ്യംചെയ്യാനായാണ് പോലീസ് സംഘം ഇവിടെയെത്തിയതെന്നാണ് റിപ്പോർട്ട്. ന്യൂസ് ക്ലിക്കില്‍ ജോലിചെയ്യുന്ന സുന്‍മീത് കുമാറിന്റെ മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പോലീസ് സംഘം പിടിച്ചെടുത്തുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles