Sunday, December 14, 2025

എസ് ഡി പി ഐക്കും പിടിവീഴുമോ ? പോപ്പുലർ ഫ്രണ്ടിൽ നിന്നും എസ് ഡി പി ഐ യിലേക്കെത്തിയ പ്രവർത്തകരെ വിശദമായി ചോദ്യം ചെയ്യാൻ എൻ ഐ എ; ജനറൽ സെക്രട്ടറി റോയ് അറക്കലിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്നും എസ് ഡി പി ഐ യിലേക്ക് വന്നവരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി എൻ ഐ എ. പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐ യും രണ്ട് സംഘടനകളാണെങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമാണ് എസ് ഡി പി ഐ എന്ന ആരോപണമുണ്ട്. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ എന്താകും എസ് ഡി പി ഐ യുടെ ഭാവിയെന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ എന്തായാലും എസ് ഡി പി ഐ യിലേക്കും നടപടികൾ നീളുകയാണ് എന്ന് തന്നെയാണ് സൂചന. മാസങ്ങളായി എസ് ഡി പി ഐ നേതാക്കൾ നിരീക്ഷണത്തിലാണ്. മുൻനിര നേതാക്കളെ ചോദ്യം ചെയ്യാനാരംഭിച്ചിരിക്കുന്നു എൻ ഐ എ. ഇപ്പോൾ. എസ് ഡി പി ഐ ജനറൽ സെക്രട്ടറി റോയ് അറക്കലിനെ എൻ ഐ എ ചോദ്യം ചെയ്യുകയാണ്. തൃശ്ശൂരിൽ നിന്ന് പിടിയിലായ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉസ്മാനുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ. സംസ്ഥാന ജനറൽ സെക്രട്ടറി അജ്‌മൽ ഇസ്മായേലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കോട്ടയത്തെ എസ് ഡി പി ഐ നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുമുണ്ട്.

പോപ്പുലർ ഫ്രണ്ടിൽ നിന്നും എസ് ഡി പി ഐയിലേക്ക് വന്ന നേതാക്കളെ വിശദമായി ചോദ്യം ചെയ്യുകയാണ് എൻ ഐ എ. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. അതിനു ശേഷം മറ്റ് സംഘടനകളിലേക്ക് ചേക്കേറിയവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് എൻ ഐ എ. ഈ അന്വേഷണമാണ് ഇപ്പോൾ എസ് ഡി പി ഐ ക്ക് നേരെ നീളുന്നത്.

Related Articles

Latest Articles