ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള കുറ്റവാളികളുടെ നെറ്റ്‌വർക്ക് ഡി കമ്പനിക്കെതിരെ സമീപകാലത്ത് നടന്നിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ നീക്കവുമായി എൻ ഐ എ. മുംബൈയിലും താനെയിലുമായി നടക്കുന്ന പരിശോധനകൾ ഇപ്പോഴും തുടരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട സംഘങ്ങളുടെ രഹസ്യകേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ എൻ ഐ എ റെയ്‌ഡ് നടത്തിയത്. ദാവൂദ് നെറ്റ്‌വർക്ക് നടത്തിയ ഹവാല ഇടപാടുകൾ പിന്തുടർന്നാണ് എൻ ഐ എ റെയ്‌ഡ്. നാഗ്പാഡ, ഗോരേഗാവ്, ബോറിവാലി, സാന്താക്രൂസ്, മുംബ്ര, ഭേണ്ടി ബസാർ, തുടങ്ങിയ സ്ഥലങ്ങളിൽ എൻഐഎ സംഘം ഒരേസമയം റെയ്ഡ് നടത്തി. ഗുണ്ടാസംഘം ഛോട്ടാ ഷക്കീലിന്റെ സഹായി സലിം ഖുറേഷി എന്ന സലിം ഫ്രൂട്ടിനെയും മുംബൈയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷക്കീലിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഖുറേഷിയെ ദക്ഷിണ മുംബൈയിലെ ഭേണ്ടി ബസാർ ഏരിയയിലെ വസതിയിൽ നിന്ന് എൻഐഎ നേരത്തെ പിടികൂടിയിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഈ വർഷം ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഖുറേഷിയെ ചോദ്യം ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ദാവൂദുമായി ബന്ധമുള്ള ഹവാല ഇടപാടുകാർക്കും മയക്കുമരുന്ന് കച്ചവടക്കാർക്കുമെതിരെ എൻ ഐ എ നിയമനടപടികൾ ആരംഭിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിനെതിരായ എഫ്‌ഐആറിൽ, അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും കീഴിലുള്ള ഡി-കമ്പനി പ്രമുഖ വ്യക്തികളെ ആക്രമിച്ച് ഇന്ത്യയിലെ ജനങ്ങളിൽ ഭീകരത സൃഷ്ടിക്കാൻ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് എൻഐഎ ക്ക് വിവരം ലഭിച്ചിരുന്നു.

