Tuesday, May 14, 2024
spot_img

കരീബിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്; വിദേശകാര്യമന്ത്രിമാരുമായി മുന്നൊരുക്കം ചർച്ച ചെയ്ത് എസ്.ജയശങ്കർ

ദില്ലി: പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ കരീബിയൻ രാജ്യങ്ങളിലേയ്‌ക്കുള്ള സന്ദർശനം പ്രമാണിച്ച് ആ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി മുന്നൊരുക്കം വിശകലനം ചെയ്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ജമൈക്കയിലും സെയിന്റ് വിൻസന്റ് ആന്റ് ഗ്രിനാഡിൻസിലുമാണ് രാഷ്‌ട്രപതി സന്ദർശിക്കുന്നത്. രാംനാഥ് കോവിന്ദിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ജമൈക്കയുടെ വിദേശകാര്യമന്ത്രി കാമിന ജെ സ്മിത്തുമായിട്ടാണ് ജയശങ്കർ ഒരുക്കങ്ങൾ വിലയിരുത്തിയത്. വരും വർഷത്തെ കോമൺവൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിലെ സെക്രട്ടറി ജനറൽ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്ന വ്യക്തിത്വമാണ് കാമിന.

കാമിനയുടെ ഭരണരംഗത്തെ കരുത്ത് ഏറെ പ്രശംസനീയമാണെന്നും ഭാരതം സമീപകാലത്ത് കരീബിയൻ രാജ്യങ്ങളുമായി ഉണ്ടാക്കിയെടുത്തിട്ടുള്ള കരുത്തുറ്റ സൗഹൃദവും വിശ്വാസവും രാഷ്‌ട്രപതിയുടെ സന്ദർശനത്തോടെ കൂടുതൽ ശക്തിപ്പെടുമെന്നും ജയശങ്കർ പ്രത്യാശ പ്രകടിപ്പിച്ചു. വരുന്ന 15-ാം തീയതി മുതൽ 21-ാം തിയതി വരെയാണ് രാഷ്ട്രപതിയുടെ സന്ദർശനം. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനാചരണം നടത്തുമ്പോൾ ജമൈക്ക 60-ാം സ്വാതന്ത്ര്യദിനാചരണങ്ങളുടെ നിറവിലാണ് ഉള്ളത്.

അതേസമയം രാഷ്‌ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമൈക്കയുടെ രാഷ്‌ട്രത്തലവൻ ഗവർണർ ജനറൽ പാട്രിക് അലെൻ, പ്രധാനമന്ത്രി ആൻഡ്രൂസ് ഹോൾനെസ്, രണ്ടാമത്തെ രാജ്യമായ സെയിന്റ് വിൻസന്റ് ആന്റ് ഗ്രിനാഡിൻസിന്റെ രാഷ്‌ട്രത്തലവൻ സുസാൻ ഡൗഗാൻ, പ്രധാമന്ത്രി രാൽഫ് ഗോൺസാലസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഒരു ലക്ഷത്തിനടുത്ത് ഇന്ത്യൻ വംശജരുള്ള കരീബിയൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സാംസ്‌കാരിക-വാണിജ്യ രംഗത്തെ പങ്കാളിത്തത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.

മാത്രമല്ല കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരീകോമിൽ ഇന്ത്യ എന്നും പ്രത്യേകം ക്ഷണിക്കപ്പെടുന്ന രാജ്യമെന്ന നിലയിൽ ശക്തമായ സൗഹൃദമാണുള്ളതെന്നും ജയശങ്കർ ഓർമ്മിപ്പിച്ചു. കൂടാതെ ഇരുരാജ്യങ്ങളും ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിൽ സ്ഥിരാംഗങ്ങളല്ല എന്നതിനാൽ സുരക്ഷാ രംഗത്ത് കൈകോർക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയാകും.

 

Related Articles

Latest Articles