Sunday, December 28, 2025

ശ്രീലങ്കയിലെ സ്‌ഫോടനം; ഐസ് ബന്ധം സംശയിക്കുന്ന മൂന്നുപേരെ എന്‍ഐഎ ഇന്ന് ചോദ്യംചെയ്യും

കൊച്ചി : ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഐസ് ബന്ധം സംശയിക്കുന്ന മൂന്നുപേരെ എന്‍ഐഎ ഇന്ന് ചോദ്യംചെയ്യും. കാസര്‍കോടും പാലക്കാട്ടുമായി ഇന്നലെ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് മൂന്നുപേര്‍ക്ക് നോട്ടിസ് നല്‍കി ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോടും പാലക്കാട്ടുമുള്ള വീടുകളില്‍ ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു.

കൊളംബോയിലെ ഭീകാരാക്രമണത്തില്‍ ചാവേറായി മാറിയ സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇവിടെ നിന്നുള്ളവരോട് കൊച്ചി എന്‍െഎഎഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. അതേസമയം ശീലങ്കന്‍ സ്‌ഫോടനങ്ങളുമായി ഇവര്‍ക്കാര്‍ക്കും നേരിട്ട് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടില്ല എന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

പാലക്കാട്ട് രാവിലെ നടത്തിയ റെയ്ഡിന് ശേഷം ഒരാളെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. പാലക്കാട് സ്വദേശിക്ക് നേരത്തെ നാഷണല്‍ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം. ഇയാള്‍ ഇപ്പോഴും സംഘടനയില്‍ സജീവമാണോ എന്ന് വ്യക്തമല്ലെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന തുടങ്ങിയത്.

Related Articles

Latest Articles