Friday, January 2, 2026

നിമിഷപ്രിയക്ക് മോചനം ലഭിക്കുമോ?? ദയാധനമായി തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍

ദില്ലി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേ യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍.

കൊല്ലപ്പെട്ട യമന്‍ സ്വദേശി തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് നിമിഷ പ്രിയയുടെ കുടുംബം അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തലാലിന്റെ കുടുംബവുമായി നടത്തിയെന്നും സൂചനയുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍ ആണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലും രംഗത്തുണ്ട്. ഇതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.

മോചനത്തിനായി യമനിലെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ ശേഷം ചര്‍ച്ച നടത്താമെന്ന അഭിപ്രായത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പ് ചോദിക്കാനാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ തീരുമാനം. തലാലിന്റെ കുടുംബം ക്ഷമിക്കുമെന്നാണ് നിമിഷയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.

2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചത്. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.

വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ മേല്‍കോടതികള്‍ തള്ളിയ സാഹചര്യത്തില്‍ ഏത് സമയവും വധശിക്ഷ നടപ്പാക്കിയേക്കാം. അവസാന ശ്രമം എന്ന നിലയിലാണ് കുടുംബത്തിന്റെ ഇടപെടല്‍. തലാലിന്റെ കുടുംബം നിമിഷയ്ക്ക് മാപ്പ് നല്‍കിയാല്‍ മാത്രമാണ് ശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് രക്ഷപ്പെടുക. നിമിഷയെ സഹായിച്ച കുറ്റത്തിന് സഹപ്രവര്‍ത്തകയായ നഴ്‌സ് ഹനാന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

 

Related Articles

Latest Articles