മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ഇന്ന് 11.30 നാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിപ കൂടാതെ ചെള്ളുപനിയും മസ്‌തിഷ്‌ക ജ്വരവും സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കാനിരിക്കുകയായിരുന്നു. സംസ്‌കാരം നിപ പ്രോട്ടോകോൾ പ്രകാരമായിരിക്കും നടക്കുക. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മേൽനോട്ടത്തിലായിരിക്കും സംസ്‌കാരം.
അതേസമയം 246 പേരാണ് സമ്പർക്കപ്പട്ടിയിലുള്ളത്. ഇതിൽ ഹൈറിസ്‌ക് വിഭാഗത്തിലുള്ള രണ്ടുപേർക്ക് പനി ബാധിച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമാകാതെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനാണ് ആരോഗ്യവകുപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. 2 പഞ്ചായത്തുകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മദ്രസ അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വേഗത്തിൽ പരിശോധനാ ഫലം ലഭ്യമാക്കാനായി പൂനൈ വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെ മൊബൈൽ ലാബ് കേരളത്തിലെത്തും. മോണോക്ലോണല്‍ ആന്‍റിബോഡിയെന്ന മരുന്ന് ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുക. രോഗം സ്ഥീരികരിച്ച് അഞ്ചുദിവസത്തിനുള്ളിൽ മരുന്ന് നൽകണം. സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക്കിലുള്ളവരുടെ എണ്ണത്തിന് അനുസരിച്ചാണ് മരുന്ന് എത്തിക്കുക. കോഴിക്കോട് മെഡിക്കൽ കോളജിൽ 60 ഐസോലേഷൻ വാർഡുകൾ ക്രമീകരിച്ചു.
ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിനാണ് അനുമതിയുളളത്. മലപ്പുറത്ത് നിപ കണ്‍ട്രോള്‍ റൂം തുറന്നു. തീയറ്ററുകള്‍ അടച്ചിടും. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ പരമാവധി ആളുകളെ കുറച്ച് നടത്തണമെന്നും നിര്‍ദേശമുണ്ട്. റോഡുകള്‍ അടക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം അമ്പഴങ്ങ കഴിച്ചതായുളള അഭ്യൂഹവും പരിശോധിക്കുന്നുണ്ട്.

