തിരുവനന്തപുരം : നിപ ബാധ സംശയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് രോഗികളില്‍ ഒരാള്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരണം. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സ്രവ സാമ്പിള്‍ പരിശോധനയിലാണ് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ പതിനെട്ടുകാരന് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു.
ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയായ പത്തൊന്‍പതുകാരന്റെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. കൊച്ചിയില്‍ നിന്നുമാണ് ഇരുവരും തിരുവനന്തപുരത്തേക്കെത്തിയത്. കൊച്ചിയില്‍ ഒരാള്‍ക്ക് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. നിപ ബാധയുണ്ടെന്ന സംശയത്തില്‍ കൊച്ചി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേര്‍ക്കും നിപ ബാധയില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

