Monday, January 5, 2026

നിര്‍ഭയ കേസ്: പ്രതികളെയെല്ലാം തൂക്കിലേറ്റും: അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജി തള്ളി

ദില്ലി: നിര്‍ഭയകേസില്‍ വധശിക്ഷ തന്നെ. പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി.

പുനപരിശോധന എന്നാല്‍ പുനര്‍വിചാരണയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്നാണ് പ്രതിയുടെ അഭിഭാഷകന്റെ പ്രതികരണം. സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ പ്രതിക്ക് വേണമെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാനും അവസരം ഉണ്ട്.

ദയാഹര്‍ജി നല്‍കാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതിയുടെ അഭിഭാഷകന്‍ എപി സിംഗിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ദയാ ഹര്‍ജി നല്‍കാന്‍ മൂന്ന് ആഴ്ചത്തെ സാവകാശം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കി ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ നീക്കം. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ ഒന്നും പറയാനില്ലെന്നാണ് പുനപരിശോധന ഹര്‍ജി തള്ളി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കിയത്.

നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു.

പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ പിന്മാറിയിരുന്നു.

Related Articles

Latest Articles