Friday, January 2, 2026

റഷ്യയും ചൈനയും മാറിയിട്ടും കേരളത്തിലെ സിപി‌എമ്മിന് മാറ്റമില്ല: സിപിഎമ്മിനെതിരെ നിതിൻ ഗഡ്കരി

തിരുവനന്തപുരം: വികസന പദ്ധതികളോടുള്ള സമീപനം റഷ്യയും ചൈനയും വരെ മാറ്റിയിട്ടും കേരളത്തിലെ സിപിഎം നയം മാറ്റിയിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പദ്ധതികളെ എതിര്‍ത്താല്‍ മലയാളികളുടെ ഭാവി തലമുറകളും വിദേശത്തുപോയി പണിയെടുക്കേണ്ടി വരുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗഡ്കരി കുറ്റപ്പെടുത്തി.

മലയാളികളുടെ വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും വിദേശത്ത് ഉപയോഗിക്കും, കേരളത്തിൽ പ്രയോഗിക്കില്ല. പട്ടിണി മാറ്റലാണു നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം. പുതിയ നിക്ഷേപങ്ങള്‍ വന്നാലേ മൂലധനം ഉണ്ടാവൂ. മൂലധനം ഉണ്ടായാലേ പദ്ധതികള്‍ വരൂ. പദ്ധതികള്‍ വന്നാലേ തൊഴിലവസരം ഉണ്ടാകൂ. അതുണ്ടായാലേ പട്ടിണി മാറ്റാനാകൂവെന്നും അഭിമുഖത്തിൽ ഗഡ്കരി വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 17 ലക്ഷം കോടി രൂപയുടെ ദേശീയപാതാ വികസനപദ്ധതികള്‍ നടപ്പാക്കിയിട്ടും കേരളം പിന്നിലായത് എന്തുകൊണ്ടെന്നു ചിന്തിക്കണം. വിഴിഞ്ഞം പദ്ധതി അദാനിയെ ഏല്‍പിക്കാമെന്നു താൻ നിര്‍ദേശിച്ചപ്പോള്‍ സിപിഎം അദാനി ബിജെപിയാണെന്ന് ആരോപിച്ചു. എങ്കില്‍ വേണ്ടെന്നു താൻ പറഞ്ഞപ്പോൾ അവർ നിലപാട് നിലപാട് മാറ്റി എന്നും ഗഡ്കരി പറഞ്ഞു.

‘പിപിപി മാതൃകയിലുള്ള നിര്‍മാണത്തെ എല്ലാവരും സ്വീകരിച്ചപ്പോള്‍ നിങ്ങളാദ്യം എതിര്‍ത്തു. അതുകൊണ്ടെല്ലാം നഷ്ടപ്പെടുന്നതു വിലപ്പെട്ട സമയമാണ്. കണ്ണു ദാനം ചെയ്യാം; കാഴ്ചപ്പാട് ദാനം ചെയ്യാനാവില്ലല്ലോ. റോഡ് പണിയാന്‍ ഭൂമിയില്ലെങ്കില്‍ ജലമാര്‍ഗവും സ്‌കൈ ബസും നോക്കണം‌’- ഗഡ്‌കരി പറഞ്ഞു.

കേന്ദ്രത്തിന്‍റെ നിഷേധസമീപനം കൊണ്ടല്ല. കേരളത്തിന്‍റെ സങ്കുചിത നിലപാടുമൂലമാണ് ദേശീയപാത വികസനത്തിന്‍റെ സ്ഥലമെടുപ്പു വൈകിയത്. 25,000 കോടി രൂപയാണു വാഗ്ദാനം ചെയ്തത്. സ്ഥലമേറ്റെടുപ്പു പൂര്‍ത്തിയായാല്‍ 25,000 കോടി രൂപയും സംസ്ഥാനത്തിനു നൽകും. കേരള മുഖ്യമന്ത്രി തന്നെ കാണാന്‍ വന്നപ്പോഴൊന്നും വിവേചനം കാണിച്ചിട്ടില്ല. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നല്ല പദ്ധതി കൊണ്ടുവന്നാൽ എല്ലാ പിന്തുണയും നൽകുമെന്നും ഗഡ്കരി വ്യക്തമാക്കി.

Related Articles

Latest Articles