ദില്ലി: നല്ല റോഡ് വേണമെങ്കിൽ ജനങ്ങൾ ടോൾ കൊടുത്തേ പറ്റൂവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. റോഡുകൾ നിർമിക്കാൻ സർക്കാരിന്റെ പക്കൽ ആവശ്യത്തിനു പണമില്ല, അതുകൊണ്ട് ടോൾ സമ്പ്രദായം തുടരുമെന്നും ഗഡ്കരി പറഞ്ഞു. ലോക്സഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
റോഡുകളിൽ ടോൾ പിരിക്കുന്നതിൽ ചില അംഗങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പണം മുടക്കാൻ പ്രാപ്തിയുള്ള ആളുകളുടെ മേഖലയിൽനിന്നാണ് ടോൾ പിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ റോഡ് നിർമാണത്തിനാണ് ഈ പണം ഉപയോഗിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ടോള്‍ നിരക്കുകൾ മാറിമാറിവരും, എങ്കിലും ടോൾ സന്പ്രദായം അവസാനിപ്പിക്കാനാവില്ല. നല്ല സേവനം ലഭിക്കണമെങ്കിൽ പണം മുടക്കിയേ പറ്റൂ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സർക്കാർ 40,000 കിലോമീറ്റർ റോഡുകൾ നിർമിച്ചെന്നും ഗഡ്കരി അറിയിച്ചു.

