ഇടുക്കി: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ നിന്നും പട്ടാപ്പകൽ ഓട്ടുരുളിയടക്കമുള്ള സാമഗ്രികൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ. മുട്ടം കരിക്കനാംപാറ ഭാഗത്ത് വാണിയപ്പുരയ്ക്കൽ മണിണ്ഠൻ (27), ഇയാളുടെ സഹോദരൻ കണ്ണൻ (37), മണ്ണാർക്കാട് പള്ളിക്കുന്ന് നെല്ലുകുഴി കുഴിക്കാത്ത് വീട്ടിൽ ഷെമീർ (31), വെങ്ങല്ലൂർ പരുന്തുംകുന്നേൽ അനൂപ് (38) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മദ്യപിക്കാൻ പണം ഇല്ലാത്തതിനെ തുടർന്നാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പോലീസിന് പ്രതികളെ ഉടൻ തന്നെ പിടികൂടാനായത്. മോഷ്ടിച്ച വലിയ ഓട്ടുരുളി വിൽപന നടത്താനായി പ്രതികള്‍ ഓട്ടോറിക്ഷ വിളിച്ചു. ഉരുളിയുമായി യാത്ര ചെയ്യവേ സംശയം തോന്നി ഓട്ടോ ഡ്രൈവർ വാഹനം പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റിയതാണ് മോഷണം വെളിച്ചത്ത് കൊണ്ടുവരാൻ ഇടയാക്കിയത്.
ഓട്ടോയിലുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. മൂന്ന് പേർ ബാങ്ക് ജപ്തി ചെയ്ത് അടച്ചുപൂട്ടിയ വീടിനുള്ളിലെ ഉപകരണങ്ങൾ അടുക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതി പറഞ്ഞു. തുടർന്ന് എസ്ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇടുക്കി റോ ഡിലുള്ള ബാർ ഹോട്ടലിനു പിൻ ഭാഗത്തുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പ്രതികൾ മോഷണം നടത്തിയത്.

