Saturday, May 18, 2024
spot_img

ശ്രദ്ധ ഗുരുതരാവസ്ഥയിലാണെന്നും ഉടൻ കോളേജിൽ എത്തണമെന്നും ആദ്യ അറിയിപ്പ്; പിന്നാലെ പത്തുമിനിട്ടിനുള്ളിൽ വിയോഗവാർത്തയെത്തി; ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച് തലകറങ്ങി വീണതാണെന്ന് ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചു; അമൽജ്യോതി എന്‍ജിനീയറിങ് കോളേജിലെ ദുരൂഹമരണത്തിൽ പ്രതിഷേധമിരമ്പുന്നു

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാർത്ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്ത്. തനിക്ക് ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുത്താണ് ശ്രദ്ധ അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെത്തിയത്. അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴൊന്നും ശ്രദ്ധയിൽ അസ്വസ്ഥതയൊന്നുമില്ലായിരുന്നു. മരണം നടന്ന ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു പിതാവിനെ ശ്രദ്ധ ഗുരുതരാവസ്ഥയിലാണെന്ന് കോളേജ് അധികൃതർ വിളിച്ചറിയിക്കുന്നത്. ഉടൻ കോളേജിൽ എത്തണമെന്ന് അറിയിക്കുകയും ചെയ്‌തു. എന്നാൽ പത്ത് മിനിട്ടുകൾക്ക് ശേഷം കോളേജ് മാനേജർ എന്നവകാശപ്പെട്ട് ഒരാൾ മരണവിവരം വിളിച്ചറിയിക്കുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു

അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. എച്ച് ഓ ഡി ക്കും വാർഡനും തങ്ങളുടെ മകളുടെ മരണത്തിൽ പങ്കുള്ളതായും രക്ഷിതാക്കൾ ആരോപിക്കുന്നു. കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായും ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികാരികൾ തലകറങ്ങി വീണതാണെന്ന് ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഗുരുതര ആരോപണം ഉന്നയിക്കുകയാണ് കുടുംബം. സംഭവത്തിൽ പ്രതിഷേധിച്ച് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലേക്ക് എബിവിപി ഇന്ന് മാർച്ച് നടത്തും.

ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോളേജിനെതിരെ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അദ്ധ്യാപകർ പിടിച്ചെടുത്തതായി കുടുംബം പറയുന്നുണ്ട്. ഇതിന് പിന്നാലെ വിഷയം ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമടക്കം കുടുംബം പരാതി നൽകും.

Related Articles

Latest Articles